നീറ്റ് പരീക്ഷ പേപ്പർ ചോർച്ച; ഒരാള്‍ കൂടി അറസ്റ്റിൽ

റോക്കിയുടെ അറസ്റ്റോടുകൂടി കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് സിബിഐയുടെ പ്രതീക്ഷ
അറസ്റ്റിലായ റോക്കി എന്ന രാജേഷ് രഞ്ജൻ
അറസ്റ്റിലായ റോക്കി എന്ന രാജേഷ് രഞ്ജൻ
Published on

നീറ്റ് യുജി ക്രമക്കേടിലെ മുഖ്യസൂത്രധാരകരിലൊരാളെന്ന് സംശയിക്കുന്ന 'റോക്കി' എന്ന രാജേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ പട്‌നയ്ക്ക് സമീപവും രണ്ട് പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപവുമുള്ള നാല് സ്ഥലങ്ങളിലായി സിബിഐ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കേസിലെ രാജാവെന്ന് അറിയപ്പെടുന്ന രഞ്ജനെ പത്തു ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയിൽ വിട്ടു.

മെയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് തന്നെ ഹസാരിബാഗിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ എത്തിച്ചിരുന്നതായി സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവിടെ നിന്നും പരീക്ഷാ കേന്ദ്രമായ ഒയാസിസ് സ്‌കൂളിലേക്ക് രണ്ട് സെറ്റ് ചോദ്യപേപ്പറുകൾ കയറ്റി വിട്ടു. സ്‌കൂളിൽ എത്തുന്നതിന് മുൻപ് തന്നെ ചോദ്യകടലാസിൻ്റെ സീൽ പൊട്ടിയിരുന്നു. ചോദ്യപേപ്പറുകൾ സീൽ ചെയ്യാത്ത സമയത്ത് റോക്കി അവിടെയുണ്ടായിരുന്നുവെന്ന് ഏജൻസി വ്യക്തമാക്കി.

ചോർന്ന പേപ്പറുകളുടെ ഉത്തരങ്ങൾ ലഭിക്കാനായി റോക്കി ഇവയുടെ ചിത്രങ്ങൾ പകർത്തി 'സോൾവർ ഗ്യാങ്ങു'മായി പങ്കിട്ടു. ശേഷം ലക്ഷങ്ങൾ പ്രതിഫലം വാങ്ങി വിദ്യാർഥികൾക്ക് ഇവ വിൽക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി ഈ തട്ടിപ്പിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുന്ന റാക്കറ്റിലെ മറ്റൊരു പ്രധാന വ്യക്തിയായ  സഞ്ജീവ് മുഖിയയുമായും റോക്കിക്ക് ബന്ധമുണ്ട്. റോക്കിയുടെ അറസ്റ്റോടുകൂടി കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.

നീറ്റ് പരീക്ഷയുൾപ്പെടെയുള്ള വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട ദേശീയ റാക്കറ്റിനെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയും സിബിഐയും അന്വേഷിച്ച് വരികയാണ്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്‌കൂളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഉൾപ്പെടെ പന്ത്രണ്ടിലധികം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നീറ്റ് പേപ്പർ ചോർച്ചയുടെ ഉത്ഭവം ഹസാരിബാഗ് സ്കൂളിൽ നിന്നാകാമെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

അതേസമയം നീറ്റ് യുജി പരീക്ഷയിൽ വലിയ ക്രമക്കേടുകളോ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ചുള്ള ചോർച്ചയോ നടന്നതായി സൂചനകളില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ഐഐടി മദ്രാസ് നടത്തിയ മൂല്യനിർണയത്തിൽ പിഴവുകളുണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com