
നീറ്റ് ഹര്‍ജികളിലെ വാദം ഇന്നുതന്നെ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശം നൽകി. പുനഃപരീക്ഷയ്ക്ക് ഉത്തരവിടുകയാണെങ്കിൽ, വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുക്കാൻ തുടങ്ങേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാകില്ലെന്നും ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം പറ്റിയത് 155ല്‍ താഴെ വിദ്യാര്‍ഥികൾ ആണെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ടെലഗ്രാമില്‍ പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസമായ മെയ് ഏഴിനാണ് ചോദ്യപേപ്പര്‍ അപ്‌ലോഡ് ചെയ്തത് എന്നും എന്നാൽ പരീക്ഷയ്ക്ക് തൊട്ട് മുൻപത്തെ ദിവസമായ മെയ് അഞ്ചിനാണ് ചോദ്യപേപ്പർ ചോർന്നത് എന്ന് കാണിക്കാനുള്ള കൃത്രിമത്വം നടത്തിയതെന്നുമാണ് കേന്ദ്രത്തിൻറെ വാദം.
ഹസാരിബാഗിലെ 125 വിദ്യാര്‍ത്ഥികളും പട്നയിലെ 30 വിദ്യാര്‍ഥികളും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കളായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നീറ്റ്-യുജി ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാൻ സുപ്രീം കോടതി ഡല്‍ഹി ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ സംഘം ചോദ്യപേപ്പര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അറിയിപ്പ് നൽകിയിരുന്നു.