
നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 പരീക്ഷ നടത്തുമെന്നാണ് പരീക്ഷ ഏജൻസി അറിയിച്ചിട്ടുള്ളത്.രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുകയെന്നും നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ബോർഡിൻ്റെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഏഴ് വർഷമായി എൻഇബി നീറ്റ് പിജി പരീക്ഷ നടത്തുന്നുണ്ടെന്നും ബോർഡിൻ്റെ കർശന നിയന്ത്രണങ്ങൾ കാരണം ഇതുവരെ ചോദ്യപേപ്പർ ഒന്നും ചോർന്നിട്ടില്ലെന്നും ഏജൻസി അവകാശ വാദം ഉന്നയിച്ചു.
പരീക്ഷ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സർക്കാരിൻ്റെ സൈബർ ക്രൈം വിരുദ്ധ സമിതിയെ സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് തീയതി പ്രഖ്യാപിക്കുന്നത്.പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുമ്പ് ചോദ്യപേപ്പർ തയ്യാറാക്കുക എന്ന നിർദേശവും ഇതിൽ ഉൾപ്പെടും.
നീറ്റ് -യുജി പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തുടനീളം വ്യാപകമായുള്ള പ്രതിഷേധം നടന്നിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തെരുവിലിറങ്ങിയത്.സംഭവത്തിൻ്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്തിരുന്നു. മാർക്ക് ദാനവും ചോദ്യപേപ്പർ ചോർന്നതും വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്.