
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബീഹാറിനു പിന്നാലെ മഹാരാഷ്ട്രയിലെ കോച്ചിങ്ങ് സെൻ്ററുകളും സംശയത്തിൻ്റെ നിഴലിൽ. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ലത്തൂരിൽ സർക്കാർ സ്കൂളിലെ അധ്യാപകരെ പൊലീസുകാർ ചോദ്യം ചെയ്തു. സഞ്ചയ് തുക്കറാം യാദവ്, ജലീൽ ഉമർഖാൻ പത്താൻ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
ചോദ്യപേപ്പർ ചോർച്ച കേസിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് നന്ദേഡ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പരിഷിത്ത് സ്കൂൾ അധ്യാപകാരായ ഇവർ ലാത്തൂരിൽ ഒരു സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നതായി പൊലീസ് പറയുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അധികൃതർ ഇവരെ വിട്ടയച്ചു. തുടർന്നുള്ള അന്വേഷണങ്ങൾക്ക് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകികൊണ്ട് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാർ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറിയത്. യുജിസി-നെറ്റ് ക്രമക്കേടുകളെ കുറിച്ചും, പേപ്പറുകൾ ഡാർക്ക് നെറ്റിലുൾപ്പെടെ ലഭ്യമായതിനെ കുറിച്ചും സിബിഐ അന്വേഷിക്കും.
നീറ്റ് യുജി പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ ചോർന്നിരുവെന്ന് സമ്മതിച്ച നാല് ബിഹാർ സ്വദേശികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോർന്ന പരീക്ഷാപേപ്പറുകൾ വിദ്യാർഥികൾക്ക് വിൽക്കുകയും ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാൻ പകരക്കാരെ നൽകുകയും ചെയ്യുന്ന 'സോൾവർ ഗ്യാങ്ങുകളുടെ' പങ്കാണ് ഇപ്പോൾ പൊലീസ് അന്വേഷിച്ചു വരുന്നത്. അതേസമയം ഗ്രേസ് മാർക്ക് ലഭിച്ച ഉദ്യോഗാർഥികൾക്കായുള്ള പുന:പരീക്ഷ ഇന്ന് നടക്കും. ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാർഥികളാണ് പുന:പരീക്ഷക്കെത്തുക.