നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് രാഷ്ട്രപതി

നീറ്റ് ,യുജി -നെറ്റ് പരീക്ഷയുടെ പേപ്പറുകൾ ചോർന്നതിൻ്റെ പിന്നിൽ ഒരു കൂട്ടം വ്യക്തികൾ നടത്തുന്ന രാജ്യവ്യാപകമായ അഴിമതി റാക്കറ്റാണെന്ന് സിബിഐ വ്യക്തമാക്കി
നീറ്റ് ചോദ്യപേപ്പർ ചോർച്ച;  പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് രാഷ്ട്രപതി
Published on

നീറ്റ് പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന വേളയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ നീതിയുക്തമായ അന്വേഷണത്തിന് പ്രതിജ്ഞാബന്ധരാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നതായി ശ്രദ്ധയിൽ പെട്ടു. പരീക്ഷ പ്രക്രിയ മെച്ചപ്പെടുത്തുന്നതിലാണ് ഇനി സർക്കാർ ശ്രദ്ധ ചെലുത്തേണ്ടതെന്നും ദ്രൗപതി മുർമു പറഞ്ഞു. സമാനമായ സംഭവങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. അവർക്കെതിരെയെല്ലാം രാഷ്ട്രീയത്തിന് അതീതമായി നടപടി എടുക്കും. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെയും ക്രിമിനൽ സംഘത്തേയും പറ്റി അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തിയെന്നും ഇതുവരെ ബീഹാർ,ഡെൽഹി,മഹാരാഷ്ട്ര എന്നിവിടങ്ങളിലായി നിരവധിപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ബീഹാറിൽ നിന്നും അറസ്റ്റിലായവരിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയും ഉണ്ടായിരുന്നു. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പറിൻ്റെ പകർപ്പുകൾ ലഭിച്ചിരുന്നതായും അവർ സമ്മതിച്ചിട്ടുണ്ട്. കൂടാതെ ചോദ്യപേപ്പറുകൾ സമൂഹ മാധ്യമങ്ങളിൽ വൻ തുകയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. ഇത് വിദ്യാർത്ഥികളെ മാനസികമായി ഏറെ തളർത്തിയിരുന്നു. വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന ആരോപണം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. നീറ്റ് ,യുജി -നെറ്റ് പരീക്ഷയുടെ പേപ്പറുകൾ ചോർന്നതിൻ്റെ പിന്നിൽ ഒരു കൂട്ടം വ്യക്തികൾ നടത്തുന്ന രാജ്യവ്യാപകമായ അഴിമതി റാക്കറ്റാണെന്ന് സിബിഐ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com