
മെഡിക്കൽ പൊതു പരീക്ഷയായ നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തിയതിന് പിന്നിൽ രവി അത്രിയുടെ കീഴിലുള്ള സോൾവർ ഗ്യാങെന്ന് റിപ്പോർട്ട്. ലക്ഷ കണക്കിന് വിദ്യാർഥികളുടെ കരിയറിൽ വലിയ ആഘാതമേൽപ്പിച്ച ഒന്നായിരുന്നു ചോദ്യ പേപ്പർ ചോർച്ച.
പേപ്പർ ചോർച്ചയും, മാർക്ക് ദാനവുമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യ പേപ്പർ ചോർന്നതായും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ അത് വിൽപ്പന നടത്തിയതിനും തെളിവുകളും പുറത്ത് വന്നിരുന്നു.ചോദ്യ പേപ്പർ ചോർത്തി കിട്ടിയെന്നും അത് മന:പാഠമാക്കിയാണ് പരീക്ഷയ്ക്ക് എത്തിയത് എന്നുമുള്ള ഒരു വിദ്യാർഥിയുടെ വെളിപ്പെടുത്തലും ഇതിനിടയ്ക്ക് ഉണ്ടായി.വാർത്ത പുറത്തു വന്നതോടെ വിവിധ സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
വിഷയം വഷളായതോടെ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയും പരീക്ഷാ ഏജൻസിയായ എൻടിഎയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന സംഘം പിന്നിലുണ്ടെന്ന് കണ്ടെത്തിയത്.രവി അത്രി എന്നയാൾ തലവനായ ഈ സംഘം ഇതിനു മുമ്പും ഇത്തരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പരീക്ഷയുടെ ഒരു ദിവസം മുന്നേ ചോദ്യ പേപ്പറുകൾ സോഷ്യൽ മീഡിയ വഴി വിൽപ്പനയ്ക്ക് വയ്ക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
കൂടാതെ, പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പകരം മറ്റൊരു വിദ്യാർഥിയെ പരീക്ഷയ്ക്കെത്തിക്കുന്ന രീതിയും ഇവർ അവതരിപ്പിച്ചിരുന്നു. ഇതിന് വലിയ തുകയാണ് പകരം നൽകേണ്ടതായി വരിക. കേസിൽ ഉൾപ്പെട്ട രവി അത്രി മെഡിക്കൽ വിദ്യാർഥിയായിരുന്നെന്നും നാലാം വർഷത്തിൽ പഠനം ഉപേക്ഷിച്ച ഇയാൾ പിന്നീട് പരീക്ഷാ മാഫിയകളുടെ കൂടെ ചേരുകയായിരുന്നെന്നും അധികൃതർ പറഞ്ഞു.
ഇതിനിടെ, പരീക്ഷാ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തു വന്നിരുന്നു. രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള നിയമം കർശനമാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.