'നീറ്റ് പരീക്ഷ റദ്ദാക്കണം'; തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രമേയത്തിന് പൂര്‍ണ പിന്തുണ; വിജയ്

സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എങ്ങനെയാണ് കേന്ദ്ര സർക്കാർ സിലബസിൽ നീറ്റ് പ്രവേശന പരീക്ഷ എഴുതാൻ കഴിയുകയെന്നും വിജയ് ചോദിച്ചു.
വിജയ്
വിജയ്
Published on

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നീറ്റിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മെഡിക്കല്‍ പ്രവേശനം നീറ്റ് വഴിയാകരുതെന്നും വിജയ് പറഞ്ഞു.

തമിഴ്‌നാട്ടിലെ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. നീറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ സിലബസില്‍ നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയുകയെന്നും വിജയ് ചോദിച്ചു.

'നീറ്റ് പരീക്ഷ നടത്തിപ്പ് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കെതിരാണ്. 1975 വരെ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലായിരുന്നു. അതിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയില്‍ നിന്ന് പൊതുപട്ടികയിലേക്ക് മാറ്റിയത്. അതിനാല്‍ വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് തിരിച്ചുകൊണ്ടുവരണം. അതില്‍ എന്തെങ്കിലും തടസമുണ്ടെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം',വിജയ് പറഞ്ഞു.

തുടര്‍ച്ചയായി ഉണ്ടാകുന്ന പിഴവുകള്‍ കാരണം നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. നീറ്റ് പരീക്ഷ റദ്ദാക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. ഇതിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ അനുമതി നല്‍കണമെന്നും വിജയ് പറഞ്ഞു. 236 നിയമസഭ മണ്ഡലങ്ങളിലെയും വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് ചെന്നൈ തിരുവാണ്മിയൂരില്‍ നടന്നത്.

തമിഴ്‌നാടിന് നല്ല നേതാക്കളെ ആവശ്യമുണ്ടെന്നും വിദ്യാസമ്പന്നരായ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് നേതാക്കളാകണമെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു. വിദ്യാര്‍ഥികളെ ആദരിക്കുന്ന ആദ്യ ഘട്ട പരിപാടിയിലായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട്ടില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച വിജയ് കള്ളക്കുറിച്ചി മദ്യദുരന്തത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com