
2024 ലെ നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവെച്ചു. ഇന്നു നടത്താനിരുന്ന കൗണ്‍സിലിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും പുതുക്കിയ തീയതി തീരുമാനിക്കുക. എന്നാല്‍ കൗണ്‍സിലിംഗ് മാറ്റിവെച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗണ്‍സലിംഗ് മാറ്റിവയ്ക്കാന്‍ നേരത്തെ സുപ്രീംകോടതി ഒന്നിലധികം ഹിയറിംഗുകളില്‍ വിസമ്മതിച്ചിരുന്നു. ജൂലൈയ് എട്ടിന് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും. ഇതിനു ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും വാദം കേള്‍ക്കും.
നീറ്റ് യുജി 2024 മായി ബന്ധപ്പെട്ട ഒന്നിലധികം ഹര്‍ജികള്‍ ബെഞ്ച് പരിഗണിക്കും. അതേസമയം നീറ്റ് യുജി പരീക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 11 ന് നടത്തുമെന്നാണ് പരീക്ഷ ഏജന്‍സി അറിയിച്ചിട്ടുള്ളത്. പരീക്ഷ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സൈബര്‍ ക്രൈം വിരുദ്ധ സമിതിയെ സന്ദര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് തീയതി പ്രഖ്യാപിക്കുന്നത്.
പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ തയ്യാറാക്കുക എന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടും. നീറ്റ് -യുജി പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തുടനീളം വ്യാപകമായുള്ള പ്രതിഷേധം നടന്നിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തെരുവിലിറങ്ങിയത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്തിരുന്നു. മാര്‍ക്ക് ദാനവും ചോദ്യപേപ്പര്‍ ചോര്‍ന്നതും വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്.