
നീറ്റ് -യു ജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യ സൂത്രധാരനായ അമൻസിങ്ങാണ് പിടിയിലായത്. ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ ആകെ ആറ് എഫ്ഐആറുകളാണ് നിലവിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.ബിഹാറിൽ നിന്നുള്ള എഫ്ഐആർ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടതാണ്. ഗുജറാത്ത്,രാജസ്ഥാൻ എന്നിവിടങ്ങളിൽ ഉദ്യോഗാർഥികളുടെ ആൾമാറാട്ടം, വഞ്ചന എന്നുവയുമായി ബന്ധപ്പെട്ടതാണ്.
അതേ സമയം നീറ്റ് യുജി ചോദ്യ പേപ്പർ ക്രമക്കേടിനെ തുടർന്ന്, മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയ്ക്ക് കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് എൻബിഇ അറിയിച്ചു. പരീക്ഷ നടത്തിപ്പിനെ സംബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കാൻ കൂടുതൽ ഇൻവിജിലേറ്റർമാരെ നിയോഗിക്കാനും, സെൻട്രൽ കമാൻഡ് സെൻ്ററുകൾ രൂപീകരിക്കാനുമാണ് ദേശീയ പരീക്ഷ ബോർഡിൻ്റെ തീരുമാനം. പരീക്ഷത്തീയതി പ്രഖ്യാപനത്തിന് ശേഷം, വിദ്യാർഥികൾക്കായി നാലാഴ്ചത്തെ സമയമെങ്കിലും നൽകേണ്ടതുണ്ടെന്നും, അതിനാൽ അടുത്ത മാസമേ പരീക്ഷ നടക്കാൻ സാധ്യതയുള്ളൂവെന്നും എൻബിഇ അറിയിച്ചു.