നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിന്റെ കുറ്റസമ്മതം; പുനഃപരീക്ഷ നടത്തേണ്ടി വരുമെന്ന് സുപ്രീം കോടതി

പട്‌നയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്
നീറ്റ്  പ്രക്ഷോഭം
നീറ്റ് പ്രക്ഷോഭം
Published on

ബിഹാറിലെ പട്‌നയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതെന്ന് സുപ്രീം കോടതിയിൽ തുറന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. അതേസമയം, പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ നടത്തേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിലൂടെയാണ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതെങ്കില്‍ ഇത് വ്യാപകമാവാന്‍ സാധ്യതയില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

നീറ്റ് യുജി 2024 പരീക്ഷ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദാക്കണമെന്ന മുപ്പതോളം ഹര്‍ജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആസൂത്രിത കുറ്റകൃത്യമെന്ന് ബിഹാര്‍ പൊലീസ് കണ്ടെത്തിയെന്നും ക്രമക്കേടിന്‍റെ ഗുണം കിട്ടിയത് ആര്‍ക്കെല്ലാമെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പരീക്ഷയുടെ തലേദിവസം ടെലഗ്രാമില്‍ ചോദ്യപേപ്പറും ഉത്തരങ്ങളും വന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. 1,563 പേര്‍ക്ക് ചോദ്യപേപ്പര്‍ മാറി നല്‍കി. സമയം കുറവായതിനാല്‍ പിന്നീട് ഗ്രേസ് മാര്‍ക്ക് അനവദിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

തുടർന്നു നടന്ന വാദത്തിലാണ് ഒരിടത്ത് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. പട്‌നയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പറഞ്ഞത്. ഉയര്‍ന്ന റാങ്ക് നേടിയ 100 വിദ്യാര്‍ത്ഥികള്‍ 18 സംസ്ഥാനങ്ങളിലെ 95 പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയവരാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ നടത്തേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ക്രമക്കേടിന്‍റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പരീക്ഷ റദ്ദാക്കിയാല്‍ 24 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കും. ക്രമക്കേടിന്‍റെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പറ്റിയില്ലെങ്കിലും പുനഃപരീക്ഷ നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ ഹര്‍ജിക്കാരും ചേര്‍ന്ന് ഒറ്റ അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എന്തുകൊണ്ട് പുനഃപരീക്ഷ ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.

പാട്‌ന, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കോടതിക്ക് അറിയാന്‍ സാധിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച പാട്‌ന എഫ്‌ഐആറില്‍ മാത്രം ഒതുങ്ങുന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. 23 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ നടത്തിയിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, പുനഃപരീക്ഷയ്ക്ക് ഉത്തരവിടണമോ എന്നതിനെക്കുറിച്ചുള്ള നിയമം ന്യായമായ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം.

മൂന്ന് ഘടകങ്ങളാണ് പരിശോധിക്കേണ്ടത്. ഒന്ന്, ചോര്‍ച്ച വ്യാപകമാണോ എന്ന് കണ്ടെത്തണം. രണ്ട്, പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണം. മൂന്ന്, ചോര്‍ച്ചയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ മറ്റ് വിദ്യാര്‍ഥികളില്‍ നിന്നും കണ്ടെത്താന്‍ സാധിക്കുമോയെന്നും പരിശോധിക്കണം. ചോര്‍ച്ച വ്യാപകവും അതിൻ്റെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ പറ്റുകയുമില്ലെങ്കില്‍ പുനഃപരീക്ഷ ആവശ്യമായി വന്നേക്കും. സുപ്രീം കോടതി നിരീക്ഷിച്ചു. പുനഃപരീക്ഷ ആവശ്യപ്പെടുന്ന ഹര്‍ജിക്കാര്‍ വ്യാഴാഴ്ച പത്തു പേജില്‍ കവിയാതെ ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും സിബിഐ കേസിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com