നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട്: കേന്ദ്രത്തിന്റെ ഉത്തരവാദിത്തമില്ലായ്മ കനത്ത ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ മേഖലയേയും കാവിവൽക്കരിക്കാനുള്ള വ്യഗ്രതയിൽ ബിജെപി സർക്കാർ അടിസ്ഥാന ഉത്തരവാദിത്തം മറക്കുകയാണെന്നും മുഖ്യമന്ത്രി
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട്: കേന്ദ്രത്തിന്റെ ഉത്തരവാദിത്തമില്ലായ്മ കനത്ത ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
Published on

പ്രധാന പരീക്ഷകൾ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം താറുമാറായത് കനത്ത ആശങ്കയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ യുവതലമുറയിലും രക്ഷിതാക്കളിലും ജനങ്ങളിലാകെയും നൈരാശ്യവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് നീറ്റ്, നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. പരീക്ഷകൾ എഴുതിയ ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു. പരീക്ഷാ നടത്തിപ്പിനായി ചെലവഴിച്ച കോടിക്കണക്കിനു രൂപയും മനുഷ്യധ്വാനവും പാഴായി. ഇത്രയേറെ പ്രാധാന്യമുള്ള പരീക്ഷകൾ പോലും കുറ്റമറ്റ നിലയിൽ നടത്താൻ കഴിയുന്നില്ല എന്നത് അധികാരികളുടെ ഗുരുതര വീഴ്ചയെ സൂചിപ്പിക്കുന്നു.

പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ മേഖലയേയും കാവിവൽക്കരിക്കാനുള്ള വ്യഗ്രതയിൽ ബിജെപി സർക്കാർ അടിസ്ഥാന ഉത്തരവാദിത്തം മറക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി (NTA) ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും തിരുത്തി സുതാര്യവും പിഴവുകളില്ലാത്തതുമായ രീതിയിൽ പരീക്ഷകൾ നടത്താൻ ആവശ്യമായ നടപടി കേന്ദ്ര സർക്കാർ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com