
നീറ്റ് -യുജി പരീക്ഷയിൽ നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ.നീറ്റ് പരീക്ഷ റദ്ദാക്കാനാവില്ലെന്ന തീരുമാനം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷ റദ്ദാക്കില്ലെന്നും അത് ഒഴിവാക്കി കൊണ്ട് പുതിയ പരീക്ഷ നടത്താനാവില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 24 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം ഇപ്പോഴും പറയുന്നത്.
അതേ സമയം നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി ജൂലൈ എട്ടിന് വാദം കേൾക്കും. പരീക്ഷാക്രമക്കേടിനെയും, ചോദ്യപേപ്പറിലെ അപാകതകളെയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തിയ നീറ്റ് പരീക്ഷയെ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് പരീക്ഷയ്ക്ക് ശേഷം ഉയർന്നുവന്നത്. ഗ്രേസ് മാർക്ക് നൽകുന്നതിലെ ക്രമക്കേട്, ചോദ്യ പേപ്പറിലെ തെറ്റുകൾ, കീറിയ ഒ.എം.ആർ ഷീറ്റുകൾ, ഒ.എം.ആർ ഷീറ്റുകൾ കൊടുക്കുന്നത് വൈകിയത് തുടങ്ങിയ പ്രശ്നങ്ങളൊക്കെ പരീക്ഷയ്ക്ക് ശേഷം വലിയ ചർച്ചയായിരുന്നു.