നീറ്റ്-യുജി പരീക്ഷ പേപ്പർ ചോർച്ച: മുഖ്യപ്രതി അറസ്റ്റിൽ

വിവിധ സംസ്ഥാനങ്ങളിലെ ചോദ്യപ്പേപ്പർ ചോർച്ചകളിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം
നീറ്റ്-യുജി പരീക്ഷ പേപ്പർ ചോർച്ച: മുഖ്യപ്രതി അറസ്റ്റിൽ
Published on

നീറ്റ്-യുജി പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന രവി അത്രിയെ ഉത്തർപ്രദേശ് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലെ ചോദ്യപേപ്പർ ചോർച്ചകളിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയാണ് അറസ്റ്റിലായ രവി അത്രി. നേരത്തെ അറസ്റ്റു ചെയ്ത പ്രതികളെ ചോദ്യം ചെയ്തതിലൂടെ അവര്‍ക്ക് രവി അത്രിയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിൻ്റെ പിടിയിലായത്.

സോൾവർ ഗ്യാങ് എന്ന നെറ്റ്‌വർക്ക് വഴി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചോദ്യപേപ്പറുകളും ഉത്തരവും അപ്‌ലോഡ് ചെയ്യുന്നതാണ് പ്രതിയുടെ പ്രവർത്തന രീതിയെന്ന് പോലീസ് പറഞ്ഞു. മെഡിക്കൽ പ്രവേശന പരീക്ഷ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് 2012ൽ ഡൽഹി ക്രൈം ബ്രാഞ്ച് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2012ൽ മെഡിക്കൽ പ്രവേശന പരീക്ഷ പാസായ ആളാണ് അറസ്റ്റിലായ മുഖ്യപ്രതി രവി അത്രി.

അതേസമയം പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ ഉന്നതതലസമിതി യോഗം രൂപീകരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിക്കാണ് ചുമതല. എൻടിഎയുടെ പ്രവർത്തനം, പരീക്ഷ നടത്തിപ്പിലെ പരിഷ്കരണം എന്നിവയിൽ ശുപാർശ നൽകും. രണ്ടു മാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് സമയം നൽകിയിരിക്കുന്നത്. എയിംസ് മുൻ ഡയറക്ടർ ഡോ.രൺദീപ് ഗുലേരിയ, ഹൈദരബാദ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ബി ജെ റാവു, ഡൽഹി ഐഐടി ഡീൻ ആദിത്യ മിട്ടാൽ, ഐഐടി മദ്രാസിലെ അധ്യാപകനായിരുന്ന കെ രാമമൂർത്തി, കേന്ദ്ര വിദ്യാഭ്യാസ ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജെയ്സ്വാൾ, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസ്വാൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com