
നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി (എൻടിഎ) എല്ലാ വിദ്യാർത്ഥികൾക്കും നഗരവും കേന്ദ്രവും തിരിച്ചുള്ള നീറ്റ്- യു ജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎ നീറ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEET/ എന്നതിലും neet.ntaonline.in എന്ന വെബ്‌സൈറ്റിലും ഫലം പരിശോധിക്കാം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിശദമായ ഫലം പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. റോള്‍ നമ്പര്‍ മറച്ച് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം വീണ്ടും പ്രസിദ്ധീകരിക്കണം എന്നുമായിരുന്നു സുപ്രീം കോടതി നിര്‍ദേശം.
ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സുപ്രീം കോടതി എന്‍ടിഎയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷാ പ്രക്രിയയെ ആകെ ബാധിച്ചോയെന്ന് കോടതി ചോദിച്ചു. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, പുനഃപരീക്ഷയില്‍ എതിര്‍പ്പുമായി 254 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷാ ക്രമക്കേടില്‍ എത്ര വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ചോദിച്ചിരുന്നു.