
നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പുനഃപരീക്ഷ വേണമെന്ന ഹർജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 43 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
വാദം കേൾക്കുന്ന വേളയിൽ സുപ്രീം കോടതി എൻടിഎയോട് ഏതാനും ചോദ്യങ്ങളും ഉന്നയിച്ചു. ചോദ്യപേപ്പര്‍ ചോർച്ച പരീക്ഷാ പ്രക്രിയയെ ആകെ ബാധിച്ചോയെന്ന് കോടതി സംശയം ഉന്നയിച്ചു. പരീക്ഷയുടെ പവിത്രതയെ ആകെ ബാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
23 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പുനഃപരീക്ഷയിൽ എതിർപ്പുമായി 254 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. പരീക്ഷാ ക്രമക്കേടിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർ എത്ര പേരാണെന്ന് ഇതിൽ വ്യക്തത വരുത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്ന ഐഐടി മദ്രാസ് റിപ്പോർട്ട് തള്ളണമെന്നും ഒരു വിഭാഗം ഹർജിക്കാർ ആവശ്യപ്പെട്ടു.
നീറ്റ് യുജി പരീക്ഷ റദ്ദാക്കണോ എന്നതില്‍ സുപ്രീം കോടതി തിങ്കളാഴ്ച തീരുമാനമെടുക്കും. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് അവസാനഘട്ട വാദം കേള്‍ക്കും. നീറ്റ് യുജി പരീക്ഷാ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ഫലം മറ്റന്നാള്‍ വൈകിട്ട് അഞ്ചിനകം പ്രസിദ്ധീകരിക്കണണമെന്നും സുപ്രീം കോടതി നിർദേശിച്ചു.