വിജയം അംഗീകരിക്കാനാകില്ല; ഫോട്ടോ ഫിനിഷിൽ കാരിച്ചാലിൻ്റെ വിജയത്തിനെതിരെ പ്രതിഷേധവുമായി വീയപുരം

കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗവും വിജയത്തിൽ പ്രതിഷേധമറിയിച്ചു
വിജയം അംഗീകരിക്കാനാകില്ല; ഫോട്ടോ ഫിനിഷിൽ കാരിച്ചാലിൻ്റെ വിജയത്തിനെതിരെ പ്രതിഷേധവുമായി വീയപുരം
Published on
Updated on

നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാലിൻ്റെ വിജയത്തെ തുടർന്ന് പ്രതിഷേധവുമായി വീയപുരം. വിജയിയെ തീരുമാനിച്ചതിൽ അപാകതയെന്ന് ആരോപിച്ചാണ് വീയപുരം പ്രതിഷേധിക്കുന്നത്. കാരിച്ചാലിൻ്റെ വിജയം അംഗീകരിക്കില്ലെന്നും, വീഡിയോ കാണണമെന്നും വീയപുരം ആവശ്യമുന്നയിക്കുന്നുണ്ട്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗവും വിജയത്തിൽ പ്രതിഷേധമറിയിച്ചു. സംഘാടകർക്കും പൊലീസിനുമെതിരെ കൂവിവിളിയും ഉയരുന്നുണ്ട്.

അഞ്ച് മൈക്രോ സെക്കൻഡിൻ്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ വീയപുരത്തെ മറികടന്ന് ഇത്തവണ ജേതാക്കളായത്. ഇത് തുടർച്ചയായ അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കിരീടം സ്വന്തമാകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാല്‍, നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം, വിബിസി കൈനകരിയുടെ വീയപുരം, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം എന്നീ നാലു വള്ളങ്ങള്ളാണ് ഫൈനലില്‍ മാറ്റുരച്ചത്. അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിലെത്തിയത്.

ഇത്തവണ നെഹ്റു ട്രോഫിയിൽ 19 ചുണ്ടൻ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മാറ്റുരച്ചത്. പായിപ്പാടന്‍ നമ്പര്‍ 2, ആലപ്പാടന്‍, ആയാപറമ്പ് പാണ്ടി, ആനാരി, ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവഹര്‍ തായങ്കരി, ചെറുതന ചുണ്ടന്‍, തലവടി ചുണ്ടന്‍, സെന്റ് പയസ്, പായിപ്പാടന്‍, നിരണം ചുണ്ടന്‍, വീയപുരം, നടുഭാഗം, കരുവാറ്റ, വലിയദിവാന്‍ജി, മേല്‍പ്പാടം, കാരിച്ചാല്‍ എന്നീ ചുണ്ടൻ വള്ളങ്ങളാണ് കളത്തിലിറങ്ങിയത്.

News Malayalam 24x7
newsmalayalam.com