
ശുചീകരണ പ്രവര്‍ത്തനത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങി മരിച്ച ജോയിയുടെ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്. എന്നാല്‍ ജോയിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു.
'രാഷ്ട്രീയ ലാഭത്തില്‍ സന്തോഷം പൂണ്ട് ചാടിവീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. എല്ലാവര്‍ക്കും ഉത്തരവാദിത്തമുള്ള കാര്യമാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ഇതൊരു കക്ഷി രാഷ്ട്രീയ പ്രശ്‌നമല്ല. റെയില്‍വേയുടെ ഭൂമിയില്‍ മാലിന്യം മാറ്റാന്‍, കോര്‍പ്പറേഷനോ സര്‍ക്കാരിനോ കഴിയില്ല. റെയില്‍വേക്ക് മാത്രമേ മാലിന്യം നീക്കാന്‍ കഴിയൂ. അത് റെയില്‍വേ ആക്റ്റിലുള്ള കാര്യമാണ്. ആ ആക്ട് ഉപയോഗിച്ചാണ് റെയില്‍വേ നഗരസഭയെ തടയുന്നത്,' പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേയുടെ പിന്തുണ ആവശ്യപ്പെട്ട് ജനുവരി 31 ന് അഡി. ചീഫ് സെക്രട്ടറി രണ്ട് ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കിയെങ്കിലും, തിരുവനന്തപുരം ഡിവി. മാനേജര്‍ മറുപടി പോലും നല്‍കിയില്ലെന്നും എം ബി രാജേഷ് ആരോപിച്ചു. വന്‍കിട മാലിന്യ ഉല്‍പാദകരുടെ കൂട്ടത്തിലാണ് റെയില്‍വേയെന്ന് ഹൈക്കോടതി തന്നെ പറഞ്ഞുവെന്നും, പലതവണ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടും റെയില്‍വേ പ്രതികരിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാലിന്യ സംസ്‌ക്കരണത്തിന് സര്‍ക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ഓരോ വ്യക്തിയുടെയും പിന്തുണ വേണമെന്നും, ബോധവത്കരണത്തിന് മാധ്യമങ്ങള്‍ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊച്ചുവേളിയില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി നേരിട്ട് പോയി മാലിന്യം നീക്കണമെന്ന നിര്‍ദ്ദേശം നല്‍കിയെങ്കിലും, ഇതുവരെ മാലിന്യം നീക്കിയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷത്തു നിന്ന് പ്രതീക്ഷിക്കുന്നതെന്നും, പ്രതിപക്ഷ ഉപനേതാവ് ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമായ നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്ധമായ രാഷ്ട്രീയം കാട്ടരുത്, അത് അനാസ്ഥയ്ക്ക് സഹായമാണ് ചെയ്തു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്ത ആറുമാസത്തിനകം തിരുവനന്തപുരത്ത് വ്യത്യാസമുണ്ടാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പ് നല്‍കി.