അഞ്ച് പേരെ കൊല്ലാൻ ലക്ഷ്യമിട്ടു, ഇനിയും മൂന്ന്പേരെ കൊല്ലാനുണ്ട്; പ്രതി ചെന്താമര

ഒളിഞ്ഞിരുന്ന് എല്ലാം കണ്ടുവെന്നും, നാട്ടുകാരും പൊലീസും പലവട്ടം തെരച്ചിൽ നടത്തുന്നതും, ഡ്രോൺ പറത്തുന്നതും കണ്ടതായും ചെന്താമര പറഞ്ഞു
അഞ്ച് പേരെ കൊല്ലാൻ ലക്ഷ്യമിട്ടു, ഇനിയും മൂന്ന്പേരെ കൊല്ലാനുണ്ട്; പ്രതി ചെന്താമര
Published on

അഞ്ചു പേരെ കൊല്ലാനാണ് ലക്ഷ്യമിട്ടതെന്നും, ഇനിയും മൂന്നു പേരെ കൊല്ലാനുണ്ടെന്നും നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമര. "സ്വന്തം കുടുംബത്തെയും കൊല്ലാൻ പ്ലാനിട്ടു. ഭാര്യ, മകൾ, മരുമകൻ എന്നിവരെയും കൊല്ലാൻ പദ്ധതിയിട്ടുവെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


സുധാകരനുമായുള്ള വാക്ക് തർക്കം പ്രകോപന കാരണമായി. ഇതാണ് കൊലപാതത്തിലേക്ക് എത്തിച്ചത്. കൊലപാതകത്തിന്റെ തലേദിവസമാണ് വാക്ക് തർക്കമുണ്ടായതെന്നും പ്രതി മൊഴി നൽകി. തന്നെ കാണുമ്പോൾ സുധാകരനും,ലക്ഷ്മിക്കും തന്നെ കാണുമ്പോൾ ഒരു ചൊറിച്ചിലെന്ന് ചെന്താമര പറഞ്ഞതായും പൊലീസ് പറഞ്ഞു. ഒളിഞ്ഞിരുന്ന് എല്ലാം കണ്ടുവെന്നും, നാട്ടുകാരും പൊലീസും പലവട്ടം തിരച്ചിൽ നടത്തുന്നതും, ഡ്രോൺ പറത്തുന്നതും കണ്ടതായും ചെന്താമര പറഞ്ഞു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരിക്കുകയായിരുന്നു.

കൊലപാതകം നടത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ 36 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. വീടിൻ്റെ പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്. ചെന്താമര ഒളിവിൽ കഴിഞ്ഞത് പോത്തുണ്ടി മലയിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രണ്ട് പകലും ഒരു രാത്രിയും മലയിൽ ചെലവഴിച്ചു. വിശപ്പ് സഹിക്കാനാകാതെയാണ് വീട്ടിലേക്ക് ഇറങ്ങിയതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

അതേസമയം പ്രതി ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട സുധാകരൻ്റെ പെൺമക്കൾ ആവശ്യപ്പെട്ടു. "ഇനി അയാൾ ആരെയും കൊല്ലരുത്, ചെന്താമര പുറത്തിറങ്ങരുത്. പേടിയോടെയാണ് കഴിഞ്ഞത്. പ്രതിയെ പിടികൂടിയത് ആശ്വാസം നൽകുന്നു", മക്കളായ അഖിലയും അതുല്യയും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com