നെന്മാറ ഇരട്ടക്കൊലപാതകം; കുറ്റം സമ്മതിക്കാതെ ചെന്താമര, നിലപാട് മാറ്റം അഭിഭാഷകനെ കണ്ടശേഷം

കനത്ത പൊലീസ് സുരക്ഷയിൽ നടത്തിയ തെളിവെടുപ്പിൽ, ഒരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ വ്യക്തമാക്കിയത്. അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെ വിശദീകരിച്ചിരുന്നു.
നെന്മാറ ഇരട്ടക്കൊലപാതകം; കുറ്റം സമ്മതിക്കാതെ ചെന്താമര, നിലപാട് മാറ്റം അഭിഭാഷകനെ കണ്ടശേഷം
Published on

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റം സമ്മതിയ്ക്കാതെ പ്രതി ചെന്താമര. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്താനെത്തിച്ചപ്പോഴാണ് പ്രതിയുടെ നിലപാട് മാറ്റം. തുടക്കത്തിൽ തനിക്ക് രക്ഷപ്പെടേണ്ട എന്ന് പറഞ്ഞ പ്രതിയോട് അഭിഭാഷകനെ കാണണോയെന്ന് കോടതി ചോദിച്ചു. അഭിഭാഷകനെ കണ്ടതിന് ശേഷമാണ് ചെന്താമര കുറ്റം സമ്മതിയ്ക്കാനില്ലെന്ന് കോടതിയെ അറിയിച്ചത്.

ചെന്താമരയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ നൂറ് കൊല്ലം ശിക്ഷിച്ചോളൂവെന്ന് ചെന്താമര പറഞ്ഞിരുന്നു. എന്നാൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ നിലപാട് മാറിയത്.




കൊല നടത്തിയതിൽ കുറ്റബോധമില്ലെന്നും തൻ്റെ കുടുംബത്തെ തകർത്തെന്നും ചെന്താമര നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയ സ്ഥാപനത്തിലടക്കം ചെന്താമരയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു . എന്നാൽ ചെന്താമര കത്തി വാങ്ങിയിട്ടില്ലെന്ന് സ്ഥാപന ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കത്തി മേടിച്ചതിന് തെളിവുകൾ ഉണ്ടെന്നായിരുന്നു ആലത്തൂർ ഡിവൈഎസ്പിയുടെ പ്രതികരണം.

കനത്ത പൊലീസ് സുരക്ഷയിൽ നടത്തിയ തെളിവെടുപ്പിലാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ വ്യക്തമാക്കിയത്. അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെയാണ് പ്രതി നേരത്തെ വിശദീകരിച്ചത്.  ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു.

2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിച്ച് ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.2022ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com