നവവർഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നു, എമ്പുരാനുണ്ടായ അനുഭവം അതിന് തെളിവ്: എം.എ. ബേബി

എമ്പുരാൻ സിനിമയ്ക്ക് നേരെയുണ്ടായത് ഗുരുതരമായ നിയമലംഘനമാണെന്നും ഫാസിസ്റ്റ് നടപടിയാണെന്നും എം.എ. ബേബി പറഞ്ഞു
എം.എ. ബേബിക്ക് എകെജി സെന്‍ററില്‍‌ നല്‍കിയ സ്വീകരണം
എം.എ. ബേബിക്ക് എകെജി സെന്‍ററില്‍‌ നല്‍കിയ സ്വീകരണം
Published on

രാജ്യം ഗുരുതരമായ വെല്ലുവിളി നേരിടുമ്പോൾ കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ തലത്തിൽ സിപിഐഎമ്മിനുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ഇതിനായി രാജ്യത്തെ സിപിഐഎം ഒറ്റക്കെട്ടായി അണിനിരക്കണം. നവ വർഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നുവെന്നും എമ്പുരാൻ സിനിമയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണെന്നും എം.എ. ബേബി പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി ആയതിനു ശേഷം എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണത്തിൽ കാണിച്ച ആവേശം വരുന്ന തെരഞ്ഞെടുപ്പുകളിലും കാണിക്കണമെന്നും എം.എ. ബേബി പറഞ്ഞു.



എമ്പുരാൻ സിനിമയ്ക്ക് നേരെയുണ്ടായത് ഗുരുതരമായ നിയമലംഘനമാണെന്നും ഫാസിസ്റ്റ് നടപടിയാണെന്നും എം.എ. ബേബി പറഞ്ഞു. സെൻസറിങ് അനുമതി ലഭിച്ച സിനിമയ്‌ക്കെതിരെയാണ് വീണ്ടും പ്രതിഷേധം ഉണ്ടായതെന്നും സിപിഐഎം സെക്രട്ടറി അറിയിച്ചു. എകെജി സെന്ററിൽ ലഭിച്ചത് വ്യക്തിപരമായി ലഭിച്ച സ്വീകരണമായി കരുതുന്നില്ല. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. പാർട്ടിയിൽ ജനറൽ സെക്രട്ടറി ആകാൻ യോഗ്യരായ നിരവധി നേതാക്കൾ ഉണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുകയാണ് വേണ്ടത്. സ്വീകരണത്തിൽ കാണിച്ച ആവേശം അതിലും ഉണ്ടാകണമെന്നും എം.എ. ബേബി പ്രവർത്തകരോട് പറഞ്ഞു.



ഇന്നലെ അവസാനിച്ച സിപിഐഎം 24-ാം പാർട്ടി കോൺ​ഗ്രസിലാണ് എം.എ. ബേബിയെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎമ്മിന്‍റെ പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തവരിൽ ഇക്കുറി 30 പുതുമുഖങ്ങളുണ്ട്. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിൽ മൂന്ന് പേർ മലയാളികളാണ്. ടി. പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ. എസ്. സലീഖ (ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയതായി പട്ടികയിലിടം നേടിയ മലയാളികൾ. കൂടാതെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് സ്ഥിരം ക്ഷണിതാവാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com