നേപ്പാൾ വെള്ളപ്പൊക്കം: മരണം 200 കടന്നു

നേപ്പാൾ സർക്കാർ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
നേപ്പാൾ വെള്ളപ്പൊക്കം: മരണം 200 കടന്നു
Published on

നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ മാത്രം മുപ്പതിലധികം ആളുകൾ കൊല്ലപ്പെട്ടു. 200ലേറെ പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായാണ് സൂചന. 31 പേരെ കാണാതായി. നേപ്പാൾ സർക്കാർ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. 

വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലിയ ദുരിതമനുഭവിക്കുകയാണ് നേപ്പാൾ. ശക്തമായ മണ്ണിടിച്ചിലിൽ 36 പേരുടെ ജീവൻ നഷ്ടപ്പെട്ടു. യാത്രക്കാരടങ്ങിയ മൂന്ന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണ്ണിനടിയിലായി. തലസ്ഥാന നഗരത്തിനു പുറത്തുള്ള മൂന്ന് ഹൈവേകൾ തടസപ്പെട്ടതിനാൽ രക്ഷാപ്രവർത്തനത്തിന് അടക്കം വലിയ ബുദ്ധിമുട്ടാണ് നേപ്പാൾ നേരിടുന്നത്. നിരവധി പേരെ കാണാതായി. നൂറിലധികം ആളുകൾ ദുരന്തത്തിൽ പരുക്കേറ്റ് കഴിയുന്നു. മുന്നൂറിലധികം വീടുകൾ പൂർണമായും മഴയിൽ തകർന്നു. വെള്ളപ്പൊക്കത്തിൽ രാജ്യത്തെ റോഡുകളും പാലങ്ങളും തകർന്നതായും റിപ്പോർട്ടുകളുണ്ട്.

ദുരന്തം ബാധിച്ച ആളുകൾക്ക് താത്ക്കാലിക സംരക്ഷണമൊരുക്കുമെന്ന് നേപ്പാൾ ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതുവരെ 4000 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 45 വർഷത്തിനിടെ കാഠ്മണ്ഡു താഴ്‌വരയിൽ ഇത്രയും വിനാശകരമായ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കാലം തെറ്റിയെത്തിയ മൺസൂണിൽ കനത്ത മഴയാണ് ഇത്തവണ നേപ്പാളിൽ ലഭിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com