
യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷിക്കാൻ ബീഹാറിലെത്തിയ സിബിഐ സംഘത്തെ നവാഡയിലെ ഗ്രാമവാസികൾ അക്രമിച്ചു. വ്യാജ സംഘമാണെന്ന് കരുതിയാണ് ഗ്രാമവാസികൾ അക്രമിച്ചതെന്ന് ലോക്കല്‍ പോലീസ് പറഞ്ഞു. 200 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ പേര് വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
ആക്രമണം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെട്ടതിനാല്‍ ആ വീഡിയോയില്‍ നിന്നും അതില്‍ ഉൾപ്പെട്ടവരെ തിരിച്ചറിയുകയായിരുന്നു. നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘം കാസിയാഡി ഗ്രാമത്തിലെത്തിയപ്പോഴാണ് അക്രമിക്കപ്പെട്ടതെന്ന് ലോക്കല്‍ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അംബരിഷ് രാഹുൽ പറഞ്ഞു. ലേക്കല്‍ പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്.
നാല് ഉദ്യോഗസ്ഥരും ഒരു വനിതാ കോൺസ്റ്റബിളും അടങ്ങുന്ന സംഘം കേസില്‍ സംശയം തോന്നിയ ഒരാളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് ഗ്രാമത്തില്‍ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥർ വ്യാജരാണെന്ന് കരുതി ഗ്രാമവാസികൾ മർദ്ദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ അവർ നശിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് സംഘം ലോക്കൽ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് എത്തിയാണ് ഗ്രാമവാസികളെ സമാധാനിപ്പിച്ചത്.
പിന്നീട് ലോക്കൽ പോലീസിന്‍റെ സാന്നിധ്യത്തിലാണ് സംഘം അന്വേഷണം നടത്തിയത്. ടവര്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തിൽ രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഫോണുകളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം കേസില്‍ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്ന് സിബിഐ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ സർവകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള അസിസ്റ്റന്‍റ് പ്രൊഫസർ തസ്തിക, ജൂനിയർ റിസർച്ച് ഫെൽലോഷിപ് എന്നിവയ്ക്കുള്ള മാനദണ്ഡമാണ് നെറ്റ് എക്‌സാം. പേപ്പർ ചോർന്നിരിക്കാമെന്ന സംശയത്തെ തുടർന്ന് പരീക്ഷ നടന്നതിന് തൊട്ടുപിന്നാലെ നെറ്റ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ക്രമക്കേടുകള്‍ പരിശോധിക്കാന്‍ കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.