ഇസ്രയേലിലെ സ്‌ഫോടന പരമ്പര ഭീകരാക്രമണമെന്ന് സംശയം; വെസ്റ്റ് ബാങ്കിൽ സൈനിക നടപടിക്ക് നെതന്യാഹു

പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) തലവനും വെസ്റ്റ് ബാങ്കിലെ ഓപ്പറേഷനുകൾ കടുപ്പിക്കാൻ പോകുന്നതായി അറിയിച്ചു
ഇസ്രയേലിലെ സ്‌ഫോടന പരമ്പര ഭീകരാക്രമണമെന്ന് സംശയം; വെസ്റ്റ് ബാങ്കിൽ സൈനിക നടപടിക്ക് നെതന്യാഹു
Published on

ഇസ്രയേലിലെ ടെൽ അവീവിൽ നടന്ന സ്ഫോടന പരമ്പര ഭീകരാക്രമാണെന്ന് സംശയിക്കുന്നതായി പൊലീസ്. ടെൽ അവീവിന് തെക്കുള്ള ബാത് യാമിലാണ് മൂന്ന് ബസുകൾ പൊട്ടിത്തെറിച്ചത്. മറ്റ് രണ്ട് ബസിൽ കൂടി സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നെങ്കിലും അവ പൊട്ടിത്തെറിച്ചില്ല. പ്രതികളെ കണ്ടെത്തുന്നതിനായി വലിയ പൊലീസ് സന്നാഹം തന്നെ സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. സ്ഫോടനത്തിൽ ഇതുവരെ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.

സ്ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി രാജ്യത്തെ എല്ലാ ബസുകളും ട്രെയിനുകളും ലൈറ്റ് റെയിൽ ട്രെയിനുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഗതാഗത മന്ത്രി മിരി റെഗെവ് ഉത്തരവിട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊറോക്കോയിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി ​ഗതാ​ഗത മന്ത്രി ഇസ്രയേലിലേക്ക് മടങ്ങുമെന്ന് കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കിലെ 'ഭീകര കേന്ദ്രങ്ങൾക്കെതിരെ തീവ്രമായ നടപടി' നടത്താൻ ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ സൈന്യത്തിനോട് ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസും എക്‌സിൽ കുറിച്ചു.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കളിൽ ഒന്നിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു, അതിൽ "തുൽക്കറെമിൽ നിന്നുള്ള പ്രതികാരം" എന്ന സന്ദേശവും ഉണ്ടായിരുന്നു. വെസ്റ്റ് ബാങ്കിൽ അടുത്തിടെ നടന്ന ഇസ്രയേൽ സൈനിക നടപടികൾക്കുള്ള പ്രതികാര നടപടിയാണ് സ്ഫോടനം എന്നാണ് പൊലീസിന്റെ നി​ഗമനം. ആക്രമണങ്ങളോട് പ്രതികരണമായി വെസ്റ്റ് ബാങ്കിലെ ഓപ്പറേഷനുകൾ ശക്തിപ്പെടുത്താനാണ് നെതന്യാഹുവിന്റെ ഉത്തരവ്. ഇസ്രയേൽ നഗരങ്ങളിൽ നടന്ന ആക്രമണങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ നെതന്യാഹു പൊലീസിനും ഇസ്രയേൽ സുരക്ഷാ ഏജൻസിക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) തലവനും വെസ്റ്റ് ബാങ്കിലെ ഓപ്പറേഷനുകൾ കടുപ്പിക്കാൻ പോകുന്നതായി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com