
ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണത്തിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്നെയും ഭാര്യയേയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. "ഇന്ന് എന്നെയും എൻ്റെ ഭാര്യയെയും വധിക്കാൻ ഇറാൻ പ്രതിനിധി ഹിസ്ബുള്ള നടത്തിയ ശ്രമം ഗുരുതരമായ തെറ്റാണ്. രാജ്യത്തിൻ്റെ ഭാവി സുരക്ഷിതമാക്കാനായി ശത്രുക്കൾക്കെതിരെ ന്യായമായ യുദ്ധം തുടരുന്ന എന്നെയോ ഇസ്രയേലിനെയോ ഈ ആക്രമണം തടയില്ല. ഇറാനോടും, തിന്മയുടെ അച്ചുതണ്ടിലുള്ള അതിൻ്റെ പ്രതിനിധികളോടും ഞാൻ പറയുന്നു: ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും കനത്ത വില നൽകേണ്ടിവരും," നെതന്യാഹു കുറിച്ചു.
തീവ്രവാദികളെയും അവരെ അയക്കുന്നവരെയും ഇസ്രയേൽ വധിക്കും. ബന്ദികളെ ഗാസയിൽ നിന്ന് തിരികെ കൊണ്ടുവരും. വടക്കൻ അതിർത്തിയിൽ താമസിക്കുന്ന ഇസ്രയേൽ പൗരന്മാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരും. രാജ്യത്തിൻ്റെ എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കാനും വരും തലമുറയ്ക്ക് സുരക്ഷ നൽകാനും ഇസ്രയേൽ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ദൈവത്തിൻ്റെ സഹായത്തോടെ ഒരുമിച്ച് ഞങ്ങൾ പോരാടുമെന്ന് കുറിച്ച് നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റ് അവസാനിക്കുന്നു.
ശനിയാഴ്ച രാവിലെയാണ് ലബനനില്‍ നിന്നും തൊടുത്ത ഡ്രോണുകളില്‍ ഒന്ന് തീരദേശ നഗരമായ സിസേറിയയിലെ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിയെ ലക്ഷ്യമിട്ട് കുതിച്ചത്. ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും വീട്ടിലില്ലായിരുന്നുവെന്നും സംഭവത്തിൽ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പിഎംഒ ഹ്രസ്വ പ്രസ്താവനയിൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വീടിന്‍റെ ഒരു ഭാഗം തകർന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ ലബനനിൽ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ട് ഡ്രോണുകൾ തലസ്ഥാന നഗരമായ ടെൽ അവീവ് മേഖലയിലെ വ്യോമ പ്രതിരോധം തകർത്തതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.