ട്രംപുമായി നെതന്യാഹുവിൻ്റെ കൂടിക്കാഴ്ച്ച ഇന്ന്; താരിഫ് വർധന ചർച്ച ചെയ്യും

തിരിച്ചടി തീരുവ പ്രഖ്യാപനത്തിന് ശേഷം യുഎസ് തലസ്ഥാനത്ത് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാണ് നെതന്യാഹു
ട്രംപുമായി നെതന്യാഹുവിൻ്റെ കൂടിക്കാഴ്ച്ച ഇന്ന്; താരിഫ് വർധന ചർച്ച ചെയ്യും
Published on


ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. താരിഫ് വർധന പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തുന്നത്. വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഇസ്രയേൽ ഹമാസ് യുദ്ധം, ഇറാനുമായുള്ള സംഘർഷങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യും.

തിരിച്ചടി തീരുവ പ്രഖ്യാപനത്തിന് ശേഷം യുഎസ് തലസ്ഥാനത്ത് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാവാണ് നെതന്യാഹു. ഹംഗറി സന്ദർശനം കഴിഞ്ഞാണ് നെതന്യാഹു വാഷിംഗ്ടണിൽ എത്തുക. ഇസ്രയേൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന 17 ശതമാനം നികുതി പിൻവലിപ്പിക്കുക, പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് കുറയ്ക്കുക എന്നതായിരിക്കും കൂടിക്കാഴ്ചയിൽ നെതന്യാഹുവിന്റെ ലക്ഷ്യം.

ഇസ്രയേലിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന താരിഫ് അടക്കം നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് നെതന്യാഹുവും വ്യക്തമാക്കിയിരുന്നു. "ഇത് അമേരിക്കയും ഇസ്രയേലും തമ്മിലുള്ള പ്രത്യേക വ്യക്തിബന്ധത്തെ പ്രതിഫലിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സമയത്ത് ഇത് വളരെ പ്രധാനമാണ്." ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവയാണ് ട്രംപ്
പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം തീരുവയും, ചൈനയിൽ നിന്നുള്ളതിന് 34 ശതമാനവും, യൂറോപ്യൻ യൂണിയനിൽ ഉളളതിന് 20 ശതമാനവും, ജപ്പാനിലേതിന് 24 ശതമാനവുമാണ് നികുതി ചുമത്തിയിട്ടുള്ളത്. നിർമാണ മേഖല ശക്തിപ്പെടുമെന്നും, രാജ്യം സുവർണ കാലഘട്ടത്തിലേക്ക് കടക്കുമെന്നുമാണ് പ്രഖ്യാപനത്തിലൂടെ ട്രംപ് അവകാശപ്പെടുന്നത്.

അതേസമയം, തിരിച്ചടി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കൻ വിപണി ഇടിഞ്ഞതിൽ പ്രതികരിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓഹരി വിപണി ഇടിയണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങൾ ശരിയാകാൻ മരുന്ന് പ്രയോഗിക്കേണ്ടി മെന്നും ട്രംപ് പറഞ്ഞു. വ്യാപാര പങ്കാളികൾ അമേരിക്കയോട് മോശമായി പെരുമാറിയെന്ന വാദവും ട്രംപ് ആവർത്തിച്ചു. ഇതിന് കാരണം ജോ ബൈഡൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com