
യു.എസ്. സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗാസ മുനമ്പിൽ ഹമാസിനെതിരായ യുദ്ധത്തിന് പിന്തുണ വർധിപ്പിക്കുന്നതിനായി ഇന്ന് യുഎസ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. എന്നാൽ ഗാസയുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ 30ഓളം ഡെമോക്രാറ്റിക് നിയമനിർമാതാക്കൾ കോൺഗ്രസിൽ പങ്കെടുത്തേക്കില്ല എന്ന് അറിയിച്ചു. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ യുഎസ് യാത്രയിൽ "നമ്മുടെ ന്യായമായ യുദ്ധത്തെക്കുറിച്ചുള്ള സത്യം അവതരിപ്പിക്കുമെന്ന്" നെതന്യാഹു പറഞ്ഞു. ഏകദേശം പത്ത് മാസം മുമ്പ് ആരംഭിച്ച യുദ്ധത്തെ തുടർന്ന് രൂക്ഷ വിമർശനങ്ങളാണ് നെതന്യാഹുവിന് നേരെ ഉയരുന്നത്.
തിങ്കളാഴ്ചയാണ് നെതന്യാഹു യുഎസിൽ എത്തിയത്. ബുധനാഴ്ച കോൺഗ്രസിനെ അഭിസംബോധന ചെയ്ത ശേഷം, അദ്ദേഹം പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും കാണും. തുടർന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും.
മെയ് മാസത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ, മനുഷ്യത്വരഹിതമായ പ്രവർത്തനത്തേയും, യുദ്ധത്തെയും ചൂണ്ടിക്കാണിച്ച് നെതന്യാഹു, ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ്, മൂന്ന് ഹമാസ് നേതാക്കൾ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ഇസ്രായേലും ഹമാസും ഈ നീക്കത്തോട് രോഷത്തോടെയാണ് പ്രതികരിച്ചത്.