ലബനനിലെ യുദ്ധമേഖലകളിൽ നിന്ന് സമാധാന സേനാംഗങ്ങളെ ഒഴിപ്പിക്കണം; ഐക്യരാഷ്ട്ര സഭയോട് ബെഞ്ചമിന്‍ നെതന്യാഹു

പ്രദേശത്തെ സമാധാന സേനാംഗങ്ങളെ ഹിസ്ബുള്ള ബന്ദികളാക്കാന്‍ സാധ്യതയുണ്ടെന്നാണ് നെതന്യാഹുവിന്‍റെ വാദം
ലബനനിലെ യുദ്ധമേഖലകളിൽ നിന്ന്  സമാധാന സേനാംഗങ്ങളെ ഒഴിപ്പിക്കണം; ഐക്യരാഷ്ട്ര സഭയോട് ബെഞ്ചമിന്‍ നെതന്യാഹു
Published on

ലബനനിലെ യുദ്ധമേഖലകളിൽ നിന്ന് യുണിഫിൽ സമാധാന സേനയിലെ സൈനികരെ ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. സൈനികരെ ഒഴിപ്പിക്കണമെന്ന് പലതവണ ഇസ്രയേല്‍ സൈന്യം യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നതായി നെതന്യാഹു പറഞ്ഞു.

പ്രദേശത്തെ സമാധാനസേനാംഗങ്ങളെ ഹിസ്ബുള്ള ബന്ദികളാക്കാന്‍ സാധ്യതയുണ്ടെന്നാണ് നെതന്യാഹുവിന്‍റെ വാദം. ഹിസ്ബുള്ള 130ലധികം റോക്കറ്റുകൾ 26 ഐക്യരാഷ്ട്ര കേന്ദ്രങ്ങളുടെ സമീപത്തേക്ക് വിക്ഷേപിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ആരോപിച്ചിരുന്നു.

ഈ ആഴ്ച ആദ്യം, ദക്ഷിണ ലബനനിലെ യുഎൻ ആസ്ഥാനത്തിനു നേർക്ക് ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയും രണ്ട് സമാധാന സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച, പ്രദേശത്ത് നടന്ന മറ്റൊരു വെടിവെപ്പിൽ സമാധാന സേനാംഗത്തിനും പരുക്കേറ്റതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തു. സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ഏതൊരു ബോധപൂർവമായ ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന അറിയിച്ചിരുന്നു.


സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്കയറിയിച്ച് പ്രസ്താവനയിറക്കി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ടെന്നും, യുഎൻ സേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ലോക രാജ്യങ്ങളുടെ കടമയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎൻ സമാധാനസേനയ്ക്ക് നേരെ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ നടപടിയെ അപലപിച്ചുകൊണ്ട് ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

Also Read: എട്ട് ദിവസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 200 പേർ; ദക്ഷിണ ലബനനിലെ 25 ഗ്രാമങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവ്

2023 ഓക്ടോബർ 8 മുതല്‍ ആരംഭിച്ച ഇസ്രയേല്‍-ഹിസ്ബുള്ള സംഘർഷത്തില്‍ ഇതുവരെ 2,255 പേരാണ് ലബനനില്‍ കൊല്ലപ്പെട്ടത്. 10,524 പേർക്ക് പരുക്കേറ്റു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com