
കൊച്ചി ഗോശ്രീ പാലങ്ങൾക്ക് സമാന്തരമായി പുതിയ പാലങ്ങൾ നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നു. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വൈപ്പിൻ അടക്കമുള്ള പ്രദേശവാസികളുടെ 20 വർഷമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുക. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലം നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചതായി നിയമസഭയെ അറിയിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിൽ കെ.എൻ. ഉണ്ണികൃഷ്‌ണൻ എംഎൽഎയുടെ സബ്മിഷന് റിയാസ് മറുപടി നൽകിയതോടെയാണ് ഗോശ്രീ പാലങ്ങളുടെ നിർമ്മാണങ്ങൾക്കു തുടക്കമാകുന്ന കാര്യത്തിൽ വ്യക്തത വരുന്നത്.
വൈപ്പിൻ അടക്കമുള്ള ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്നത് മൂന്നു ഗോശ്രീ പാലങ്ങളാണ്. ഇതിൽ രണ്ടാമത്തെ പാലത്തിനു മാത്രമാണ് സമാന്തര പലമുള്ളത്. നിർദിഷ്ട അലൈന്മെന്റിനു വ്യത്യാസമായി നിർമ്മാണം നടന്നതോടെ മറ്റു പാലങ്ങൾ കുപ്പികഴുത്തായി മാറി. തുടർന്ന് നടന്ന വർഷങ്ങൾ നീണ്ടു നിന്ന ജനകീയ സമരങ്ങളുടെ ഫലമായാണ് പാലങ്ങൾ നാടിനു ലഭിക്കുന്നത്.
ഷിപ്പ് യാർഡിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ഇതുവഴിയുള്ള ചരക്കു വാഹങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി. ഒപ്പം വൈപ്പിൻ കടമക്കുടി വല്ലാർപ്പാടം മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ കൂടി എത്തിയതോടെ ഇതുവഴിയുള്ള തിരക്ക് വർധിച്ചു. അതോടൊപ്പം, അറ്റകുറ്റപണി നടക്കുമ്പോഴോ, അപകടങ്ങളുണ്ടായാലോ ഇരുവശത്തേക്കും ഗതാഗതം സ്‌തംഭിക്കുന്ന സ്ഥിതിയുമുണ്ട്. സമാന്തര പാലങ്ങളുടെ അഭാവം അനിയന്ത്രിതമായ ഗതാഗതക്കുരുക്കിനാണ് കാരണമാകുന്നത്.
ഗോശ്രീ മൂന്നാം പാലത്തിനു സമാന്തരമായ പുതിയ പാലത്തിനു പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം തയ്യാറാക്കിയ 40.50 ലക്ഷം രൂപയുടെ ഇൻവെസ്‌റ്റിഗേഷൻ എസ്റ്റിമേറ്റ് ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഒന്നാം പാലത്തിന് സമാന്തരമായി പുതിയത് നിർമിക്കാൻ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹൊറിസോണ്ടൽ, വെർട്ടിക്കൽ അനുമതിക്കായി ഇറിഗേഷൻ വകുപ്പിന് കത്തും നൽകിയിട്ടുണ്ട്.