
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അഞ്ച് പ്രതികള്‍ക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘമായ ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പുമായി ബന്ധമുള്ള പ്രതികള്‍ക്കെതിരെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തി നവി മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
നടനെ കൊലപ്പെടുത്താന്‍ ബിഷ്ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. 2023 ആഗസ്ത് മുതല്‍ 2024 ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി എ.കെ 47, എ.കെ 92, എം 16 റൈഫിളുകള്‍ പാകിസ്ഥാനില്‍ നിന്നും സിഗാന പിസ്റ്റള്‍ തുര്‍ക്കിയില്‍ നിന്നും കൊണ്ടുവരാനായും സംഘം ഉദ്ദേശിച്ചിരുന്നതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
സല്‍മാന്റെ പന്‍വേലിലെ ഫാംഹൗസിലും, മുംബൈയിലെ ബാന്ദ്രയിലെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിലും, സിനിമാ ഷൂട്ടിംഗ് സ്ഥലങ്ങളിലും പ്രതികള്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഏപ്രില്‍ 14 നാണു ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ വസതിക്ക് മോട്ടോര്‍ ബൈക്കുകളിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. അന്ന് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.