
2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ പിന്തള്ളി ട്രംപ് മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മൂന്നിടങ്ങളിൽ ട്രംപിന് 45 മുതൽ 49 ശതമാനം വരെ മുന്നേറ്റമുണ്ടായേക്കുമെന്നും യുഎസ് മാധ്യമങ്ങൾ പ്രവചിച്ചു. ഇരു സ്ഥാനാർഥികളും പ്രചരണം ശക്തമാക്കിയ അരിസോണ, ജോർജിയ, നോർത്ത് കരോളിന എന്നിവിടങ്ങളിൽ ട്രംപിന് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം. 2020ലെ തെരഞ്ഞെടുപ്പിൽ 12,000 വോട്ടിൻ്റെ വ്യത്യാസത്തിലായിരുന്നു ട്രംപിൻ്റെ ജോർജിയയിലെ പരാജയം.
നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായ സർവേകൾ ശ്രദ്ധിക്കേണ്ടെന്നാണ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസ് പറയുന്നത്. അഭിപ്രായ സർവേകൾ കാണിക്കുന്ന വിജയസാധ്യതയിൽ അഭിരമിക്കേണ്ടതില്ലെന്നും, വിജയ സാധ്യത കുറഞ്ഞ സ്ഥാനാർഥിയാണ് താനെന്നും കഴിഞ്ഞ ദിവസം വിസ്കോൺസിനിൽ മാഡിസണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കമല ഹാരിസ് പറഞ്ഞിരുന്നു.
കമലയ്ക്ക് മൂൻതൂക്കം പ്രവചിച്ച സർവേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. യുഎസ് ഭരണഘടനയുടെ 22-ാം അമെന്‍ഡ്‌മെന്‍റ് പ്രകാരം ട്രംപിന് 2028ല്‍ വീണ്ടും മത്സരിക്കാന്‍ സാധിക്കില്ല. ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള അവസരം ട്രംപിന് മുന്നിലുണ്ട്. എന്നാല്‍ തോറ്റാല്‍ വീണ്ടും മത്സര രംഗത്തേക്കില്ലെന്നാണ് ട്രംപ് പറയുന്നത്.