
ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക കുപ്പായമിട്ടെത്തിയ ഗൗതം ഗംഭീറിന് സർപ്രൈസ് ഒരുക്കി ബിസിസിഐ. മുൻ കോച്ച് രാഹുൽ ദ്രാവിഡ് ഗംഭീറിനായി പങ്കുവെച്ച ഓഡിയോ സന്ദേശമാണ് താരത്തെ ഇമോഷണലാക്കിയത്. പൊതുവെ താൻ അതിവൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയല്ലെന്നും എന്നാലിത് ഹൃദയത്തെ തൊട്ടെന്നും ഗംഭീർ പ്രതികരിച്ചു. കളിക്കാരനെന്ന നിലയിലും ഒരു കോച്ചെന്ന നിലയിലും രാഹുൽ ദ്രാവിഡിനോടുള്ള ആരാധനയും ഗംഭീർ മറച്ചുവെച്ചില്ല. ഇന്ത്യൻ ക്രിക്കറ്റിനൊപ്പം രാഹുൽ ഭായ് തുടങ്ങിവെച്ച കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമെന്നും ഗംഭീർ മറുപടി നൽകി.
ഇന്ത്യൻ കോച്ചായിരിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നുവെന്നും ടീമിനൊപ്പമൊള്ള സ്മരണകളും സൗഹൃദവും ഞാൻ എന്നെന്നും ഓർത്തിരിക്കുമെന്നും ഗംഭീറിനുള്ള ഓഡിയോ സന്ദേശത്തിൽ രാഹുൽ ദ്രാവിഡ് പറഞ്ഞു. "ഇന്ത്യൻ കോച്ചായി താങ്കൾക്കും അതുപോലെ പ്രവർത്തിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. ഞാൻ കോച്ചായിരിക്കെ ടീമിൽ എല്ലായിപ്പോഴും ആരോഗ്യവാന്മാരായ താരങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നമുക്ക് എല്ലായ്പ്പോഴും ഭാഗ്യത്തിൻ്റെ പിന്തുണ കൂടി വേണമെന്ന് ഓർക്കുമല്ലോ," ദ്രാവിഡ് പറഞ്ഞു.
"പ്രതീക്ഷകളുടെ ഭാരം എപ്പോഴും കൂടുതലും, വിമർശനങ്ങളുടെ തീവ്രത കഠിനവുമായിരിക്കും. ഏറ്റവും മോശം സമയത്ത് പോലും താങ്കൾ ഒറ്റയ്ക്കായിരിക്കില്ല. ടീമിൻ്റെയും സപ്പോർട്ടിംഗ് സ്റ്റാഫിൻ്റെയും മുൻകാല താരങ്ങളുടെയും മാനേജ്മെൻ്റിൻ്റെയും പിന്തുണ താങ്കൾക്കുണ്ടായിരിക്കും. ആരാധകർ എപ്പോഴും പ്രതീക്ഷിച്ച് കൊണ്ടിരിക്കും, എന്നാൽ അവരുടെ പിന്തുണ നിങ്ങൾക്കുണ്ടായിരിക്കും. സമ്മർദ്ദഘട്ടങ്ങളിൽ ഒരു ദീർഘനിശ്വാസമെടുക്കൂ. പ്രതിസന്ധികളെ ചെറുപുഞ്ചിരിയോടെ നേരിടൂ. ഫലം എതിരാളികളെ ഞെട്ടിക്കുന്നതായിരിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു, ഇന്ത്യൻ ടീമിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ താങ്കൾക്കാകട്ടെ," ദ്രാവിഡ് ആശംസിച്ചു.
ഓഡിയോ സന്ദേശം കേട്ട ശേഷം വൈകാരികമായാണ് ഗംഭീർ ദ്രാവിഡിൻ്റെ വാക്കുകളോട് പ്രതികരിച്ചത്. "നോക്കൂ, ഈ സന്ദേശത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. രാഹുൽ ദ്രാവിഡിൻ്റെ ഈ സന്ദേശം എനിക്ക് വളരെ വിലപ്പെട്ടതാണ്. ക്രിക്കറ്റ് കണ്ട ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് രാഹുൽ ഭായ്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനായി സർവവും സമർപ്പിച്ച വ്യക്തിയാണ്. വരാനിരിക്കുന്ന തലമുറകൾക്കെല്ലാം അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഞാനോ ഇന്ത്യൻ ടീമിലെ മറ്റു വ്യക്തിത്വങ്ങളോ ഒന്നുമല്ലെന്നും, ഇന്ത്യൻ ക്രിക്കറ്റ് തന്നെയാണ് പ്രധാനമെന്നും എനിക്കറിയാം. ഈ സന്ദേശം എന്നെ ഒരുപാട് വികാരഭരിതനാക്കി, സാധാരണ ഞാൻ ഇമോഷണലാകുന്ന ആളല്ല. രാഹുൽ ഭായിയുടെ അഭാവം നികത്താനാവുന്നല്ല. സത്യസന്ധതയും സുതാര്യതയും കൊണ്ട് ആ ഇടം നികത്താൻ ഞാൻ ശ്രമം നടത്തും. രാഹുൽ ഭായിയെ ഞാൻ അഭിമാനം കൊള്ളിക്കും," ഗംഭീർ പറഞ്ഞുനിർത്തി.