"സുധാകരന് പകരക്കാരനാകാൻ ഞാൻ മതിയാകില്ല"; AICCക്കും കേരളത്തിലെ മുതിർന്ന നേതാക്കൾക്കും നന്ദി അറിയിച്ച് സണ്ണി ജോസഫ്

എല്ലാവരുടെയും പിന്തുണയിൽ കോൺ​ഗ്രസിന്റെ സമകാലീന ദൗത്യം ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് പോകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു
സണ്ണി ജോസഫ്
സണ്ണി ജോസഫ്
Published on

കെപിസിസി അധ്യക്ഷനായി നിയമിച്ച എഐസിസിക്കും കേരളത്തിലെ മുതിർന്ന നേതാക്കൾക്കും നന്ദി അറിയിച്ച് സണ്ണി ജോസഫ്. സുധാകരന് പകരക്കാരനാകാൻ ഞാൻ മതിയാകില്ലെന്ന് പേരാവൂർ എംഎൽഎ പ്രതികരിച്ചു. മുൻ അധ്യക്ഷൻ കെ. സുധാകരനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

എല്ലാവരുടെയും പിന്തുണയിൽ കോൺ​ഗ്രസിന്റെ സമകാലീന ദൗത്യം ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് പോകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു. കെ. സുധാകരൻ വിളിച്ച് ആശിർവദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. നിരവധി നേതാക്കളും പ്രവർത്തകരും പിന്തുണ അറിയിച്ച് വിളിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതവർ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിനോട് പ്രകടിപ്പിക്കുന്ന താൽപ്പര്യമാണ്. കോൺ​ഗ്രസിന്റെ മഹാന്മാരായ നേതാക്കൾ പ്രവർത്തിച്ച മണ്ണാണ് കണ്ണൂർ. ഇപ്പോൾ എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് ഊർജസ്വലരും അനുഭവ സമ്പന്നരുമായവരുടെ വലിയൊരു ടീമാണ്. യുഡിഎഫിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റണമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

എഐസിസി തന്നെപ്പോലൊരാളെ അംഗീകരിച്ചതിൽ സന്തോഷമെന്നാണ് യുഡിഫ് കൺവീനറായി നിയമിതനായ അടൂർ പ്രകാശ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് വർഷത്തിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് നല്ല പ്രവർത്തനം കേരളത്തിൽ ഉടനീളം നടത്തും. ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് ആയിരിക്കും പ്രവർത്തനം. ഘടകക്ഷികളെ ഒന്നിച്ച് നിർത്തുക മാത്രമല്ല, അവരെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ അതൃപ്തി തനിക്കറിയില്ല. പുതിയ പ്രവർത്തന രീതി പാർട്ടിക്ക് അത്യാവശ്യമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

പുതിയ അധ്യക്ഷന് എഐസിസി പ്രവർത്തക സമിതി അം​ഗം ശശി തരൂർ എംപിയും ആശംസകൾ നേർന്നു. പേരുകളുടെ ചർച്ച ഇനി ഒഴിവാക്കണം. ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യാൻ കഴിയുക എന്നതിൽ ആയിരിക്കണം ശ്രദ്ധ. കേരളത്തിന്റെ അവസ്ഥ അത്രത്തോളം മോശമാണെന്നും തരൂർ പറഞ്ഞു. സുധാകരൻ പാർട്ടിക്ക് നല്ല സേവനം ചെയ്തുവെന്നും അദ്ദേഹം അണികളിൽ ഉണ്ടാക്കുന്ന ആവേശം എന്നും നിലനിർത്തണമെന്നും ശശി തരൂർ പറഞ്ഞു.

ആന്റോ ആന്റണിയെ തള്ളിയാണ് സണ്ണി ജോസഫിലേക്ക് കെപിസിസി അധ്യക്ഷ സ്ഥാനം എത്തിയത്. കെ. സുധാകരന്റെ നിലപാടും ക്രൈസ്തവ സഭാ പിന്തുണയുമാണ് എഐസിസിയുടെ തീരുമാനത്തിൽ നിർണായകമായത്. അടിമുടി മാറ്റവുമായാണ് പുതിയ കെപിസിസി നേതൃത്വത്തെ എഐസിസി നിയമിച്ചിരിക്കുന്നത്.  ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്ന കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവായി കെ. സുധാകരനെയും നിയമിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com