
കൊല്ലം -എറണാകുളം റൂട്ടിൽ തിങ്കളാഴ്ച മുതൽ പുതിയ മെമു സർവീസ് ആരംഭിക്കും. റൂട്ടിലെ ട്രെയിനുകളിലെ തിരക്ക് വർധിച്ചതോടെയാണ് പുതിയ മെമു സർവീസ് ആരംഭിക്കുന്നത്. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്.
ദിനംപ്രതി നിരവധി യാത്രക്കാരാണ് കോട്ടയം - എറണാകുളം റൂട്ടിലൂടെ സഞ്ചരിക്കുന്നത്. വേണാട്, പാലരുവി ട്രെയിനുകളിലെ തിരക്ക് വർധിച്ചതോടെയാണ് താൽക്കാലികമായി പുതിയ ട്രെയിൻ അനുവദിച്ചത്. സെപ്തംബർ 23ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവത്തെ തുടർന്ന് റെയിൽവെയ്ക്ക് എതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. സതേൺ റെയിൽവേയുടെ 8 കോച്ചുകളും എഞ്ചിനും സംഘടിപ്പിച്ചാണ് സ്പെഷ്യൽ മെമു ഓടിക്കുന്നത്. പുതിയ മെമു വരുന്നതോടെ വേണാടിന് സ്റ്റോപ്പ് ഇല്ലാത്ത മറ്റു സ്റ്റേഷനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്കും പരിഹാരമാകും.
Also Read: കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ലഹരി സംഘം വളർന്ന് വരുന്നു; വ്യാപനം ഗൗരവമായി കാണണം: പിണറായി വിജയൻ
രാവിലെ 6.15ന് കൊല്ലത്തു നിന്നാരംഭിക്കുന്ന മെമു 9.35ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30ഓടെ കൊല്ലത്ത് എത്തും. ശനി, ഞായർ ഒഴികെ ആഴ്ചയിൽ 5 ദിവസം മാത്രമായിരിക്കും സർവീസ് നടത്തുന്നത്. കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ മൊത്തം 16 സ്റ്റേഷനുകളാണുള്ളത്. വേണാട് എക്സ്‌പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടയിൽ ട്രെയിനുകളുടെ കുറവും, ആവശ്യത്തിന് കോച്ചുകൾ ഇല്ലാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. പുലർച്ചെ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു സർവീസ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പുതിയതായി ആരംഭിക്കുന്ന മെമുവിന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ളതും യാത്രക്കാർക്ക് വലിയ ആശ്വാസമാണുണ്ടാക്കുന്നത്.