
അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ വേഷപ്പകർച്ചയുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയ, ഫീസ്റ്റർവില്ലയിലെ മക്ഡൊണാൾഡ്സിലായിരുന്നു പാചകക്കാരനായുള്ള ഡൊണാൾഡ് ട്രംപിൻ്റെ വേഷപ്പകർച്ച.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ഭാവത്തിൽ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള ട്രംപിൻ്റെ നീക്കം. ഏപ്രൺ ധരിച്ച് മക്ഡൊണാൾഡ്സിൻ്റെ അടുക്കളയിൽ 15 മിനിറ്റോളമാണ് ട്രംപ് ഫ്രഞ്ച് ഫ്രൈസ് വറുത്തെടുത്തത്. ട്രംപ് മക്ഡൊണാൾഡ്സിൽ എത്തിയെന്ന് അറിഞ്ഞതോടെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. വീ വാണ്ട് ട്രംപ് മുദ്രാവാക്യം ഉയർത്തിയാണ് ആരാധകർ ആഹ്ളാദം പങ്കുവെച്ചത്.
ട്രംപിൻ്റെ എതിർ സ്ഥാനാർഥിയായ കമലാ ഹാരിസിൻ്റെ അവകാശവാദങ്ങളെ എതിർക്കുന്നതിൻ്റെ ഭാഗം കൂടിയായിരുന്നു ട്രെംപിൻ്റെ പുതിയ വേഷം.പഠനകാലത്ത് മക്ഡൊണാൾഡ്സിൽ ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. എന്നാൽ കമല ഇതുവരെ മക്ഡൊണാൾഡ്സിൽ ജോലി ചെയ്തിട്ടില്ലെന്നാണ് ട്രംപിൻ്റെ വാദം.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപും ഹാരിസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്.