
നീറോ ചക്രവർത്തിയുടെ പ്രശസ്തമായ സുവർണ കൊട്ടാരം സന്ദർശകർക്കായി തുറന്ന് നൽകി റോം. എഡി 64ലെ തീപിടുത്തതിന് ശേഷമാണ് ഡോമസ് ഓറിയ എന്ന ഈ കൊട്ടാരം നീറോ ചക്രവർത്തി പണിതുയർത്തിയത്. 16ആം നൂറ്റാണ്ടിൽ കണ്ടെടുത്ത ഈ കൊട്ടാരവശിഷ്ടം അറ്റകുറ്റപ്പണികൾക്കൊടുവിൽ ഇപ്പോഴാണ് ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
നിറമാർന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് റോമിലേത്. ലോകപ്രശസ്തരായ നിരവധി ചക്രവർത്തിമാർക്ക് ജന്മം നൽകിയ നാട്. ആ ചക്രവർത്തിമാരിൽ കുപ്രസിദ്ധി നേടിയതാണ് നീറോ ചക്രവർത്തി. പത്ത് ദിവസം റോം നിന്ന് കത്തിയപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തി, ഈ പഴയ പ്രയോഗം നീറോ ചക്രവർത്തിയുടെ സ്വഭാവത്തിന്റെ കൃത്യമായ ചിത്രം നൽകുന്ന ഒന്നാണ്. ക്രൂരനായ, സ്വന്തം സുഖങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്ത, ധാരാളിയായ ഭരണാധികാരിയായിരുന്നു നീറോ. നീറോയുടെ ഈ ധാരാളിത്തത്തിന്റെ തെളിവായിരുന്നു എഡി 64ൽ റോമാ നഗരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഈ തീയിൽ കത്തിയമർന്നത്.
അഗ്നിക്ക് ഇരയായ റോമിന്റെ പ്രൗഢി വീണ്ടെടുക്കാനാണ് നീറോ ഡോമസ് ഓറിയ എന്ന പേരിട്ട കൂറ്റൻ കൊട്ടാരം നിർമിച്ചത്. പേരു പോലെ തന്നെ അതിഗംഭീരമായിരുന്നു കൊട്ടാരവും. ഏകദേശം 300 ഏക്കറിലേറെ സ്ഥലത്ത് മുന്നൂറിലേറെ മുറികളുമായിട്ടായിരുന്നു കൊട്ടാരം പണികഴിപ്പിച്ചത്. 250 ഏക്കറിൽ മൂന്ന് കുന്നുകൾക്കിടയിലായി പരന്നുകിടക്കുന്ന പുരാതന ലോകത്തിലെ ഏറ്റവും അതിഗംഭീരമായ വാസ്തുവിദ്യാ വിസ്മയങ്ങളിൽ ഒന്നായിരുന്നു അത്. വിശാലവും അതിമനോഹരവുമായ പൂന്തോട്ടങ്ങൾ, മനുഷ്യനിർമിത തടാകം, ജലധാരകൾ, പ്രതിമകൾ, ഫ്രെസ്കോകൾ എല്ലാം അതിമനോഹരമായിരുന്നു. എന്നാൽ ഇതിനെക്കാളൊക്കെ ശ്രദ്ധ നേടിയത് കൊട്ടാരത്തിലെ കറങ്ങുന്ന ഊണ് മുറിയായിരുന്നു.
AD 68ൽ നീറോ ചക്രവർത്തി ആത്മഹത്യ ചെയ്ത ശേഷം, ഈ കൊട്ടാരം പിന്നീട് വന്ന ഭരണാധികാരികൾ തകർത്തു. നീറോയോടുള്ള പകപ്പോക്കലായിരുന്നു അത്. മണ്ണിനടിയിലായ കൊട്ടാരത്തിന് മുകളിൽ നിരവധി കെട്ടിടങ്ങൾ ഉയർന്നു. അതിലൊന്നായിരുന്നു പ്രശസ്തമായ കൊളോസിയം. 16ആം നൂറ്റാണ്ടിലാണ് മണ്ണിനടിയിൽ നീറോ ചക്രവർത്തിയുടെ കൊട്ടാരവശിഷ്ടം പുറം ലോകത്തിന്റെ ശ്രദ്ധയിൽ വരുന്നത്. നവോത്ഥാന ശിൽപികളായ റാഫേൽ, മൈക്കലാഞ്ജലോ എന്നിവർ കൊട്ടാരത്തിലെ മച്ചിലും ഭിത്തിയിലുമുള്ള ജലച്ഛായാ ചിത്രങ്ങൾ കാണാൻ മേൽക്കൂരയിൽ ഉണ്ടാക്കിയ ചെറുദ്വാരത്തിലൂടെ കയറിൽ താഴേക്ക് ഇറങ്ങുമായിരുന്നു. എന്നാൽ വർഷങ്ങളായി വന്ന് നിറഞ്ഞ മണ്ണ് നീക്കം ചെയ്യാൻ ഏറെ പണിപ്പെടേണ്ടി വന്നു. മണ്ണ് നീക്കിക്കഴിഞ്ഞപ്പോൾ, നിലവിലെ ഭൂനിരപ്പിന് താഴെയായതിനാൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടായി. ഇതെല്ലാം ഒഴിവാക്കി, അറ്റക്കുറ്റപ്പണി നടത്തി പഴയ പ്രൗഢിയുടെ ഒരു നേരിയ ഛായയെങ്കിലും തിരികെയെത്തിക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. അങ്ങനെയാണ് സുവർണ വീട് എന്ന് അറിയപ്പെട്ട ഡോമസ് ഓറിയയുടെ ഒരു ഭാഗം ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്.
ജലച്ഛായ ചിത്രങ്ങളടങ്ങിയ നീറോനിയൻ പോർട്ടിക്കോ എന്ന ഭാഗമാണ് ഇപ്പോൾ തുറന്നു നൽകിയിരിക്കുന്നത്. നീറോ ചക്രവർത്തിയുടെ ഈ കൊട്ടാരം റോമിൻ്റെ ടൂറിസം പ്രതീക്ഷകൾക്ക് പുതിയ ഊർജം നൽകുമെന്നാണ് കരുതപ്പെടുന്നത്.