
കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് 80 ശതമാനത്തോളം മാധ്യമപ്രവർത്തകർക്ക് തൊഴിൽ പ്രതിസന്ധിയുണ്ടായെന്ന കണ്ടെത്തലുമായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ മൂന്നിലൊന്നാക്കി ചുരുക്കിയെന്നും ഇതോടെ ബാക്കിയുള്ളവർ സ്വയം ജോലി വിടാൻ നിർബന്ധിക്കപ്പെടുകയായിരുന്നെന്നും പഠനറിപ്പോർട്ട് പറയുന്നു. 75 ശതമാനത്തോളം പേർക്ക് ഔദ്യോഗിക അറിയിപ്പു പോലുമില്ലാതെ പിരിച്ചുവിടൽ നേരിടേണ്ടിവന്നതായും റിപ്പോർട്ട്.
2023ലാണ് കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരുടെ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് പഠിക്കുവാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ കമ്മിറ്റി രൂപീകരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാഠി എന്നീങ്ങനെ നാല് ഭാഷകളിലുള്ള 17 മാധ്യമ സ്ഥാപനങ്ങൾ, 51 ജേണലിസ്റ്റുകൾ, 12 മാധ്യമ സംഘടനാ യൂണിയനുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പഠനം. മഹാമാരി കാലത്ത് ഭൂരിഭാഗം മാധ്യമപ്രവർത്തകരെ പിരിച്ചുവിട്ടെന്നും ശേഷിക്കുന്നവർ ശമ്പള പ്രതിസന്ധിയെ തുടർന്ന് രാജിവെക്കാൻ നിർബന്ധിതരായെന്നും നിരവധി പേരെ വിആർഎസ് എടുപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തെ 80 ശതമാനം ജേർണലിസ്റ്റുകളെ ഈ പ്രതിസന്ധി ബാധിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായ്നാഥ് അടക്കമുള്ളവരുടെ കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. പിരിച്ചുവിടലിന് ശേഷം മുൻ മാസങ്ങളിൽ ജോലി ചെയ്തതിന്റെ ശമ്പളം 37 ശതമാനം പേർ മാത്രമാണ് ലഭിച്ചത്. പിരിച്ചുവിടൽ സംബന്ധിച്ച് കമ്പനികളിൽ നിന്ന് ഔപചാരിക അറിയിപ്പ് ലഭിച്ചത് വെറും 25 ശതമാനം പേർക്ക് മാത്രം. ബാക്കി 75 ശതമാനത്തിന് രേഖാമൂലം അറിയിപ്പോ മെയിലോ ലഭിച്ചിട്ടില്ല. ഫിസിക്കൽ ഹിയറിംഗിൽ 80 ശതമാനം പത്രപ്രവർത്തകരും സ്വയം രാജിവയ്ക്കാൻ നിർബന്ധിതരായെന്നും ശമ്പളം വെട്ടിക്കുറയ്ക്കലിനെയും പിരിച്ചുവിടലിനെയും കുറിച്ച് മുൻകൂട്ടി മെയിലുകളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിപ്പെട്ടു.
ഇന്ത്യയിലെ മൂന്ന് പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ടൈംസ് ഗ്രൂപ്, ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു എന്നിവയ്ക്കു കീഴിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ വെട്ടിച്ചുരുക്കൽ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. ഇതേ വിഷയത്തിൽ ഇംഗ്ലീഷ് മാധ്യമങ്ങളെ മാത്രം കേന്ദ്രീകരിച്ച് മുൻ പിസിഐ അംഗം ബൽവീന്ദർ സിംഗ് ജമ്മുവും സ്വതന്ത്ര പത്രപ്രവർത്തകൻ സിറിൽ സാമും നടത്തിയ പഠനത്തിൽ 2500 ഓളം മാധ്യമപ്രവർത്തകർ കൂട്ടപിരിച്ചുവിടൽ നേരിട്ടെന്നും പറയുന്നു. എന്നാല്‍ യഥാർത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലാണെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിരീക്ഷണം.