
നാൽപ്പതിനായിരം ഡോളർ വിലയുള്ള എച്ച് ഐ വി മരുന്നിന് സമാനമായ വാക്സിൻ വെറും നാൽപ്പത് ഡോളർ കൊണ്ട് നിർമിക്കാമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ഗിലെയാദ് വികസിപ്പിച്ചെടുത്ത ആൻ്റി റിട്രോവൈറൽ വാക്സിൻ, ലെനകാവിർ, എച്ച്ഐവി പ്രതിരോധത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തൽ. നിലവിൽ എച്ച് ഐ വി രോഗബാധയില്ലാത്ത, എച്ച് ഐ വി രോഗസാധ്യതയുള്ളവർക്ക് നൽകുന്ന പ്രി- എക്സ്പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽ പെടുന്ന മരുന്നാണിത്.
ദക്ഷിണാഫ്രിക്കയിലും, ഉഗാണ്ടയിലുമാണ് പുതിയ മരുന്നിനെ സംബന്ധിക്കുന്ന പരീക്ഷണങ്ങൾ നടന്നത്. എച്ച്ഐവി പ്രതിരോധത്തിൽ നൂറ് ശതമാനം പ്രയോജനപ്രദമാണ് പുതിയ വാക്സിനെന്നാണ് ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണങ്ങളിലെ കണ്ടെത്തൽ. പ്രതിവർഷം രണ്ട് വർഷം മാത്രം കുത്തിവെപ്പെടുത്താൽ മതിയെന്നതും ഈ വാക്സിൻ്റെ പ്രത്യേകതയാണ്. നിലവില്‍ രണ്ട് തരം ഗുളികകളാണ് ലോകമെമ്പാടും എച്ച് ഐ വി പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. നിത്യം മരുന്ന് കഴിക്കേണ്ട നിലവിലത്തെ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്.
ലോകത്ത് 2023ലെ എച്ച് ഐ വി ബാധിതരുടെ എണ്ണം 40 ദശലക്ഷം പിന്നിട്ടതായി കണക്കുകൾ യുഎൻ പുറത്തുവിട്ടിരുന്നു. ഒരോ മിനുട്ടിലും ചികിത്സ ലഭിക്കാത്തതുമൂലം ഒരാൾ മരിക്കുന്നതായും യുഎന്നിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.