
ന്യൂസിലൻഡ് പാർലമെൻ്റിൽ വിവാദ ബിൽ കീറിയെറിഞ്ഞ് പരമ്പരാഗത നൃത്തം ചവിട്ടി എംപിയായ ഹന റാഫിറ്റി കരിയാരികി മൈപി ക്ലാർക്ക്. പാർലമെൻ്റിൽ പരമ്പരാഗത മൗറി നൃത്തം ചവിട്ടിയാണ് പാർലമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ 22കാരി മൈപി ക്ലാർക്ക്, ബിൽ കീറിയെറിഞ്ഞ് പ്രതിഷേധമറിയിച്ചത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
എസിടി ന്യൂസിലൻഡ് പാർട്ടി കഴിഞ്ഞയാഴ്ചയാണ് വൈതാങ്കി ഉടമ്പടിയിലെ ചില നിയമങ്ങൾ മാറ്റുന്നതിനായുള്ള ബിൽ അവതരിപ്പിച്ചത്. ന്യൂസിലൻഡിലെ മൗറി സമുദായക്കാർ എതിർത്തിരുന്ന ബില്ലായിരുന്നു അത്. ഇതിനോടുള്ള പ്രതിഷേധസുചകമായി മൈപി ക്ലാർക്ക് മൗറി നൃത്തം ചവിട്ടുകയായിരുന്നു. പൊതു ഗാലറിയിൽ ഇരുന്നിരുന്ന മറ്റുള്ളവരും ക്ലാർക്കിനോടൊപ്പം ചേർന്ന് നൃത്തം ചവിട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് സ്പീക്കർ ഗെറി ബ്രൗൺലീ സഭ നിർത്തിവെക്കുകയായിരുന്നു.
5.3 മില്യൺ വരുന്ന ജനസംഖ്യയുടെ ഏകദേശം 20% വരുന്ന രാജ്യത്തെ തദ്ദേശീയരുടെ അവകാശങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ബില്ലാണിതെന്നാണ് മൗറികളുടെ വിമർശനം. ബിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ, നൂറുകണക്കിന് ആളുകൾ തങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനായി ന്യൂസിലൻഡിൻ്റെ വടക്ക് നിന്ന് ദേശീയ തലസ്ഥാനമായ വെല്ലിംഗ്ടണിലേക്ക് ഒമ്പത് ദിവസത്തെ മാർച്ച് നടത്തിയിരുന്നു.
കഴിഞ്ഞ വർഷം പാർലമെൻ്റിലെ തൻ്റെ ആദ്യ പ്രസംഗത്തിനിയിൽ മൈപി ക്ലാർക്ക് പരമ്പരാഗത ഹാക്ക നൃത്തം ചവിട്ടുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.