
ചാംപ്യൻസ് ട്രോഫി രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് 363 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് നേടി.
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാമിന്നിങ്സ് സ്കോറാണ് ന്യൂസിലൻഡ് അടിച്ചെടുത്തത്. ഒരു ഐസിസി ഏകദിന ടൂർണമെൻ്റിലെ ഏറ്റവുമുയർന്ന മൂന്നാമത്തെ വലിയ സ്കോറുമാണിത്.
ദക്ഷിണാഫ്രിക്കക്കെതിരെ നിർണായക മത്സരത്തിൽ സെഞ്ചുറി പ്രകടനങ്ങളുമായി കത്തിക്കയറിയ കെയ്ൻ വില്യംസണും (94 പന്തിൽ 102) രചിൻ രവീന്ദ്രയും (101 പന്തിൽ 108) ചേർന്നാണ് ന്യൂസിലൻഡ് സ്കോർ മുന്നൂറ് കടത്തിയത്. ഡാരിൽ മിച്ചലും (49) ഗ്ലെൻ ഫിലിപ്സും (49) വാലറ്റത്ത് വെടിക്കെട്ട് പ്രകടനങ്ങളുമായി സ്കോർ ബോർഡ് ഉയർത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിടി മൂന്നും കഗീസോ റബാഡ രണ്ടും വിക്കറ്റെടുത്തു.