"വഖഫിൻ്റെ വസ്തുതകൾ മറച്ചുവെക്കാൻ അടിസ്ഥാനപരമായ വാദങ്ങൾ ഉന്നയിക്കുന്നു"; സമസ്ത മുഖപത്രത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വാർത്ത

ഇന്നലെ മുനമ്പം ഭൂമി സന്ദർശിച്ച പ്രതിപക്ഷ നേതാവ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചിരുന്നു
"വഖഫിൻ്റെ വസ്തുതകൾ മറച്ചുവെക്കാൻ അടിസ്ഥാനപരമായ വാദങ്ങൾ ഉന്നയിക്കുന്നു"; സമസ്ത മുഖപത്രത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വാർത്ത
Published on


പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രത്തിൽ വാർത്ത. വസ്തുതകൾ മറച്ചു വെക്കാൻ പ്രതിപക്ഷ നേതാവ് അടിസ്ഥാനപരമായ വാദങ്ങൾ ഉന്നയിക്കുന്നുവെന്നാണ് മുഖപത്രത്തിലെ വിമർശനം. ഇന്നലെ മുനമ്പം ഭൂമി സന്ദർശിച്ച പ്രതിപക്ഷ നേതാവ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചിരുന്നു.

'മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്' എന്ന തലക്കെട്ടോടെയായിരുന്നു സുപ്രഭാതത്തിലെ വാർത്ത. വർഷങ്ങളും, ഫറൂഖ് കോളേജിൻ്റെ അവകാശവാദവും നിരത്തികൊണ്ടായിരുന്നു പത്രത്തിലെ വാർത്ത. വസ്തുതകൾ മറച്ചുവെക്കാനും കോടതികൾ വഖഫ് ഭൂമിയാണെന്ന് പറഞ്ഞ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് പറയാനും പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നുവെന്നാണ് സുപ്രഭാതം പത്രത്തിലെ ആരോപണം.



മുനമ്പം ഭൂമി വഖഫ് ചെയ്യുമ്പോൾ താമസക്കാർ ഉണ്ടായിരുന്നെന്നും ആളുകൾ താമസിക്കുന്ന ഭൂമി വഖഫ് ചെയ്യാൻ സാധിക്കില്ലെന്നുമാണ് മുനമ്പം സന്ദർശിച്ച വി.ഡി. സതീശൻ പറയുന്നത്. എന്നാൽ ഭൂമി കൈമാറുമ്പോൾ മുനമ്പത്ത് ആരും താമസമുണ്ടായിരുന്നില്ലെന്ന് കോടതിയിൽ ഫാറൂഖ് കോളേജ് വ്യക്തമാക്കിയതാണെന്നും സുപ്രഭാതം പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

മുനമ്പം ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ നിയമപരമായി വിശദമായി പരിശോധിച്ചിരുന്നെന്നും വഖഫ് ഭൂമി എല്ലാക്കാലത്തും വഖഫ് ഭൂമിയായിരിക്കണമെന്നും സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദൈവത്തിന് നല്‍കുന്നതിന് നിബന്ധന വെക്കാനാവില്ലെന്നും, നിബന്ധനകള്‍ വെച്ചുകൊണ്ട് വഖഫ് ആക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.


പണം വാങ്ങി വിറ്റെന്ന് ഫറൂഖ് കോളേജും വ്യക്തമാക്കുന്നു. വഖഫ് ബോര്‍ഡാണ് ഈ ഭൂമി വഖഫാണെന്ന് അവകാശപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരാണ് ബോര്‍ഡിനെ നിയമിച്ചതെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ 1950ൽ മുനമ്പത്തെ ചതുപ്പ് നിറഞ്ഞ ഈ ഭൂമിയിൽ താമസമുണ്ടായിരുന്നില്ലെന്നും, 1955ന് ശേഷമാണ് പ്രദേശത്ത് കുടിലുകൾ പ്രത്യക്ഷപ്പെട്ടതെന്നും കോളേജ് അധികൃതർ കോടതിയിൽ വ്യക്തമാക്കിയതായി വാർത്തയിൽ പറയുന്നു.

അതേസമയം സംസ്ഥാന വഖഫ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഡിസംബർ 14നാണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം.

പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി. എന്നാൽ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com