കുംഭമേള ദുരന്തത്തില്‍ മരിച്ചത് 79 പേര്‍? ന്യൂസ് ലോണ്‍ട്രിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; യുപി സര്‍ക്കാരിന്റെ കണക്കുകളില്‍ മരണം 30 മാത്രം

കുംഭമേള ദുരന്തത്തില്‍ മരിച്ചത് 79 പേര്‍? ന്യൂസ് ലോണ്‍ട്രിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; യുപി സര്‍ക്കാരിന്റെ കണക്കുകളില്‍ മരണം 30 മാത്രം

ആശുപത്രി രേഖകളും പൊലീസ് റെക്കോർഡും ബന്ധുക്കളുടെ പ്രതികരണങ്ങളും അടക്കം പുറത്തുവിട്ടുകൊണ്ടായിരുന്നു ന്യൂസ് ലോൺഡ്രിയുടെ റിപ്പോർട്ട്
Published on

മഹാകുംഭമേളയിൽ യുപി സർക്കാർ പുറത്തുവിട്ട തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കണക്ക് തെറ്റെന്ന് വെളിപ്പെടുത്തൽ. യഥാർഥത്തിൽ മരിച്ചത് 79 പേരെന്ന് ദേശീയ മാധ്യമമായ ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്തു. ആശുപത്രി രേഖകളും പൊലീസ് റെക്കോർഡും ബന്ധുക്കളുടെ പ്രതികരണങ്ങളും അടക്കം പുറത്തുവിട്ടുകൊണ്ടായിരുന്നു ന്യൂസ് ലോൺഡ്രിയുടെ റിപ്പോർട്ട്. 30 പേർ മരിച്ചെന്നാണ് യുപി സർക്കാരിന്റെ വാദം.


മഹാകുംഭമേള ദുരന്തത്തിലെ യഥാർഥ മരണസംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, അന്വേഷണാത്മക മാധ്യമപ്രവർത്തിനത്തിലൂടെ രാജ്യശ്രദ്ധ നേടിയ ന്യൂസ് ലോൺഡ്രി പ്രത്യേക അന്വേഷ റിപ്പോർട്ട് പുറത്തുവിട്ടത്. ജനുവരി 29 ന് പുലർച്ചെ പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായും, 60-ലേറെ പേർക്ക് പരിക്കേറ്റതായുമുള്ള യുപി സർക്കാർ സ്ഥിരീകരണം വ്യാജമെന്നാണ് ന്യൂസ് ലോൺഡ്രിയുടെ കണ്ടെത്തൽ. പൊലീസ്, ആശുപത്രി രേഖകൾ പ്രകാരം 79 മരിച്ചെന്നാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട്.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹം പ്രയാഗ്‌രാജ് മോത്തിലാൽ നെഹ്റു മെഡിക്കൽ കോളജിൽ നിന്നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഈ ലിസ്റ്റ് പ്രകാരം 69 പേർ മരിച്ചതായാണ് ന്യൂസ് ലോൺട്രി കണ്ടെത്തൽ. 69 പേരിൽ 66 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 2 സ്ത്രീകളുൾപ്പെടെ 3 പേരെ തിരിച്ചറിയാനായില്ല. ഇവ മോർച്ചറിയിൽ സൂക്ഷിച്ചില്ല പകരം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. യുപി പൊലീസിൻ്റെ അകമ്പടിയോടെ സൗജന്യ ആംബുലൻസുകളിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം തിരിച്ചറിയാൻ തീയതി രേഖപ്പെടുത്താത്ത റെസീപ്റ്റുകളാണ് ബന്ധുക്കൾക്ക് കൈമാറിയതെന്നും ന്യൂസ് ലോൺട്രിയുടെ പ്രത്യേക അന്വേഷണത്തിൽ പറയുന്നു.


പൊലീസ് ആവശ്യപ്പെട്ടാലാണ് പോസ്റ്റുമോർട്ടം നടത്തുകയെന്നും എന്നാൽ എത്രയും വേഗം മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് സർക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സ്വരൂപ് റാണി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിൽ പത്തുപേരാണ് മരിച്ചത്. ആശുപത്രിയിലെ ബോർഡിൽ ഏഴ് മരണവും 36 പേർക്ക് പരിക്കുമെന്ന് ആദ്യം രേഖപ്പെടുത്തി. എന്നാൽ പിറ്റേദിവസം ഈ വിവരങ്ങളും നീക്കം ചെയ്തു. തിരിച്ചറിയാത്ത ആറ് മൃതദേഹങ്ങളെന്നും, 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് മരണം സംഭവിച്ചെന്നും പൊലീസ് രേഖ പറയുന്നു. അതായത് രണ്ട് ആശുപത്രികളിലുമായി സംഭവിച്ചത് 79 മരണം.

മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവർക്ക് സ്വാഭാവിക മരണത്തിന് സർട്ടിഫിക്കറ്റ് നൽകി. മരണം അൻപതിന് മുകളിലാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികളെല്ലാം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി യോഗിയുടെ നിലപാട്. അഖിലേഷ് യാദവ് ഉൾപ്പെടെ ഇക്കാര്യം പലതവണ ഉന്നയിച്ചെങ്കിലും മരണസംഖ്യ സംബന്ധിച്ച് വ്യക്തത യോഗി സർക്കാർ വരുത്താൻ തയ്യാറായതുമില്ല.

News Malayalam 24x7
newsmalayalam.com