BIG IMPACT | തായ്‌ലന്‍ഡ് മനുഷ്യക്കടത്ത്: മലയാളിയായ ശരത് പ്രദീപിന് മോചനം; ഉടന്‍ നാട്ടിലെത്തിക്കും

നല്ല ജോലിയാണെന്നും സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയാണെന്നും പറഞ്ഞായിരുന്നു ജോലിക്കെത്തിച്ചതെന്നും തന്റെ കൂട്ടുകാരനും തനിക്കൊപ്പം ഉണ്ടെന്നും മ്യാന്‍മറില്‍ കുടുങ്ങിയ ശരത് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.
BIG IMPACT | തായ്‌ലന്‍ഡ് മനുഷ്യക്കടത്ത്: മലയാളിയായ ശരത് പ്രദീപിന് മോചനം; ഉടന്‍ നാട്ടിലെത്തിക്കും
Published on


തായ്‌ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളികളുള്‍പ്പെടെ തട്ടിപ്പിന് ഇരയായ സംഭവത്തില്‍ മലയാളിയായ ശരത് പ്രദീപ് മോചിതനായി. ശരത് മോചിതനായ വിവരം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.

ശരത് തായ്‍ലന്‍ഡില്‍ എത്തിയെത്തും ഉടന്‍ നാട്ടിലെത്തിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ശ്രമം തുടരുമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

'മ്യാന്‍മര്‍ എംബസിയുമായി നമ്മള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപ്പോഴും ഇപ്പോഴുമുള്ള വിവരങ്ങള്‍ നമ്മള്‍ അവരെ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. തിരിച്ച് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ നമ്മളോടും അറിയിക്കുന്നുണ്ട്. ശരത് പ്രദീപ് സുരക്ഷിതമായി മ്യാന്‍മറില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് വന്നിട്ടുണ്ട്. ശരത് നിലവില്‍ തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ കസ്റ്റഡിയിലാണ്. സുരക്ഷിതനാണ്. ഉടന്‍ തന്നെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തി വരികയാണ്," കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയിലെ മ്യാന്‍വാഡി, ഹാപ്പ ലൂ പ്രവിശ്യകളിലായാണ് ഇന്ത്യക്കാരെ താമസിപ്പിച്ചിട്ടുള്ളതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. നല്ല ജോലിയാണെന്നും സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയാണെന്നും പറഞ്ഞായിരുന്നു ജോലിക്കെത്തിച്ചതെന്നും തന്റെ കൂട്ടുകാരനും തനിക്കൊപ്പം ഉണ്ടെന്നും മ്യാന്‍മറില്‍ കുടുങ്ങിയ ശരത് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ശരത്തിന് പുറമെ എളമക്കര സ്വദേശി അഗസ്റ്റിന്‍ രാഹുലാണ് മ്യാന്‍മറില്‍ കുടുങ്ങിയത്. ശരത്തിന്റെ ശബ്ദ സന്ദേശത്തിലൂടെയാണ് 40 ഓളം ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്.

അവിടെ എത്തിയപ്പോള്‍ ആകെ പെട്ടു പോയ അവസ്ഥയാണെന്നും പുറത്തൊന്നും പോകാതെ റൂമില്‍ തന്നെ ഇരിക്കുകയാണെന്നും ശരത് പ്രദീപ് പ്രതികരിച്ചു. മലയാളികള്‍ക്ക് പുറമെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും മ്യാന്‍മറിലെ സായുധ സംഘത്തിന്റെ തടവിലാണ്.

മൂന്നും നാലും ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്. പണം നല്‍കാന്‍ കഴിയാത്തതിനാല്‍ വെള്ളവും വെളിച്ചവുമില്ലാത്ത മുറിയിലേക്ക് മാറ്റിയെന്നും ക്രൂര മര്‍ദനത്തിനിരയാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. മലയാളി ഏജന്റാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നും ശരത് വെളിപ്പെടുത്തി. എത്രയും വേഗത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് തട്ടിപ്പിനിരയായവരുടെ കുടുംബം ആവശ്യപ്പെടുന്നത്.


മ്യാന്‍മര്‍ സര്‍ക്കാരിനെതിരെയുള്ള വിമതരാണ് തട്ടിപ്പ് കേന്ദ്രത്തിന് പിന്നില്‍. വിമതരുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മ്യാന്‍മറിലെ മ്യാന്‍വാഡി പ്രവിശ്യ. ആയുധധാരികളുള്ള പ്രദേശത്തേക്ക് പൊലീസിനോ സൈന്യത്തിനോ കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. അടുത്തിടെ തട്ടിപ്പുമായി ബന്ധപ്പെട്ട നോട്ടീസ് ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ദിവസവും പല ഇന്ത്യക്കാരും സ്ഥലത്തെത്തി.

ഇവരെ മ്യാന്‍മറിലെത്തിച്ചത് കൊച്ചിയിലെ മലയാളി ഏജന്റാണെന്നാണ് ശരത് പറയുന്നത്. വിഷയത്തില്‍ എത്രയും വേഗം സര്‍ക്കാര്‍ ഇടപെടണമെന്നാണ് യുവാക്കളുടെ കുടുംബങ്ങളുടെ ആവശ്യം.

മ്യാന്‍മര്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സഫ്‌നയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പിനായാണ് യുവാക്കളെ മ്യാന്‍മറിലെത്തിക്കുന്നത്. ഇതു സംബന്ധിച്ച് ന്യൂസ് മലയാളം നേരത്തെയും വാര്‍ത്ത കൊടുത്തിരുന്നു. തട്ടിപ്പ് സംഘത്തില്‍ നിരവധി കണ്ണികളെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കൊല്ലം ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ എത്തിക്കാനാണ് നിലവില്‍ തീരുമാനമായത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com