EXCLUSIVE | കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളേജില്‍ രോഗികളോട് കനത്ത അനാസ്ഥ; ശുചിമുറി പോലും ഉപയോഗിക്കാൻ കഴിയാത്ത നില

സ്പെഷ്യലൈസ്‌ഡ് വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്തതിനാൽ രോഗികളെ മതിയായ ചികിത്സ നൽകാനാകാതെ മടക്കി അയക്കുകയാണ്
EXCLUSIVE | കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളേജില്‍ രോഗികളോട് കനത്ത അനാസ്ഥ; ശുചിമുറി പോലും ഉപയോഗിക്കാൻ കഴിയാത്ത നില
Published on

കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ തുറന്നുകാട്ടി ന്യൂസ് മലയാളം എക്സ്ക്ലൂസീവ്. ആശുപത്രിയിലെത്തുന്ന രോഗികളോട് ആശുപത്രി അധികൃതർ കാട്ടുന്നത് കടുത്ത അനാസ്ഥയാണ്. സ്പെഷ്യലൈസ്‌ഡ് വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്തതിനാൽ രോഗികളെ മതിയായ ചികിത്സ നൽകാനാകാതെ മടക്കി അയക്കുകയാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സ്കാനിങ് നടത്താൻ സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ശുചിമുറി പോലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്.

കൊല്ലം ജില്ലയിൽ സാധരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏതൊക്കെ ഒ.പി പ്രവർത്തിക്കുന്നുണ്ടെന്നാണ് ന്യൂസ് മലയാളം ആദ്യം അന്വേഷിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, എന്നീ വിഭാഗങ്ങൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നില്ല. കാർഡിയോളജി വിഭാഗം ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. നെഫ്രോളജി വിഭാഗമാവട്ടെ ഒരു ദിവസം മാത്രവും.

പിന്നീട് ന്യൂസ് മലയാളം റിപ്പോർട്ടർ കടുത്ത വയറ് വേദനയുണ്ടെന്ന് പറഞ്ഞ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ സമീപിച്ചു. സ്റ്റോണിൻ്റെ സാധ്യതയെ കുറിച്ച് പറഞ്ഞപ്പോൾ സ്കാനിങ്ങ് നിർദേശിച്ചു. പക്ഷേ ‌ ഒരു മണിക്ക് ശേഷം സ്കാനിങ്ങില്ലെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. സ്കാനിങ്ങിന് നിർദേശിച്ച കുറിപ്പുമായി സെൻ്ററിലെത്തിയപ്പോൾ അടുത്ത മാസം പതിനാറിന് ചെയ്യാമെന്ന മറുപടിയാണ് ലഭിച്ചത്. സമയത്ത് സ്കാനിങ് നടക്കണമെങ്കിൽ സ്വകാര്യ സെൻ്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രോഗികൾക്ക്.


രോഗികൾ പ്രാഥമിക കൃത്യം നിർവ്വഹിക്കുന്ന ശുചി മുറികളുടെ അവസ്ഥയും ശോചനീയമാണ്. പുരുഷൻമാരുടെ ശുചിമുറികൾ പൂർണമായും പ്രവർത്തനരഹിതം. ചിലത് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ സ്ത്രീകളും പുരുഷൻമാരും ഒരേ ശുചിമുറി ഉപയോഗിക്കേണ്ട അവസ്ഥയാണ്.

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്ന പ്രഖ്യാപനവുമായാണ് സംസ്ഥാന സർക്കാർ ഇഎസ്ഐ കോർപറേഷനിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജ് ഏറ്റെടുത്തത്. എന്നാൽ ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ഒരു റെഫറൽ ആശുപത്രി മാത്രമായി മാറിയെന്നാണ് ന്യൂസ് മലയാളം അന്വേഷണത്തിൽ നിന്ന് വ്യക്തമാവുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com