IMPACT | കോഴിക്കോട് ആനയാംകുന്നില്‍ എക്‌സൈസ് പരിശോധന; അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍

പരിശോധന നടത്തുമ്പോള്‍ അതിഥി തൊഴിലാളികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വാടക വീടിന്റെ ഉടമയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
IMPACT | കോഴിക്കോട് ആനയാംകുന്നില്‍ എക്‌സൈസ് പരിശോധന; അരിയില്‍ പൊതിഞ്ഞ നിലയില്‍ ബ്രൗണ്‍ഷുഗര്‍
Published on


കോഴിക്കോട് മലയോര മേഖലയായ ആനയാംകുന്നില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്‌സില്‍ എക്‌സൈസ് പരിശോധന. പരിശോധനയില്‍ ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. അരിയില്‍ പൊതിഞ്ഞ നിലയിലും ബാഗില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ കണ്ടെത്തിയത്. ന്യൂസ് മലയാളം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

പരിശോധന നടത്തുമ്പോള്‍ അതിഥി തൊഴിലാളികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വാടക വീടിന്റെ ഉടമയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനായുള്ള ഫോയില്‍ പേപ്പറുകള്‍ അടക്കമുള്ള മറ്റു വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ രാസലഹരി വലിയതോതില്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് പരിശോധനകള്‍ ശക്തമാകുന്നതിനിടയിലാണ് കോഴിക്കോട് മലയോര പ്രദേശത്ത് നിന്നും ബ്രൗണ്‍ ഷുഗര്‍ അടക്കം കണ്ടെത്തുന്നത്. മുറിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളെ ഉടന്‍ വിളിച്ചുവരുത്തുമെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുക്കം ആനയാംകുന്നില്‍ അതിഥി തൊഴിലാളികള്‍ക്കൊപ്പം മലയാളി യുവാക്കളും ഇവിടെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ടെന്നും ന്യൂസ് മലയാളം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുറമെ നിന്നുളളവര്‍ക്കും പൊലീസിനും സംശയം തോന്നാതിരിക്കാന്‍ യുവതികളെയും ലഹരി സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുടുംബമായി താമസിക്കുന്നു എന്ന വ്യാജേന ലഹരി വില്‍പ്പനയും നടത്തുകയാണ് ലക്ഷ്യം.

ഈ മേഖലകളില്‍ മുന്‍പ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ പ്രദേശവാസികള്‍ക്ക് ലഹരി കേന്ദ്രത്തെ കുറിച്ച് അറിവില്ല. ബാറുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നുമാണ് ഈ സംഘം ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വലയിലാക്കുന്നവരെ സൗഹൃദം നടിച്ച് ക്വാട്ടേഴ്സില്‍ എത്തിക്കുന്നു. അവിടെവെച്ചാണ് ലഹരി ഉപയോഗവും വില്പനയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com