
കണ്ണൂർ ആറളം ഫാമിൽ ആദിവാസിയായ സർക്കാർ ജീവനക്കാരനെ മർദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആറളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദനമേറ്റ ബാബുവിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി.
ആഗസ്ത് 9 നാണ് ആറളം ഫാം അഞ്ചാം ബ്ലോക്കിലെ ഉൾക്കാട്ടിൽ വെച്ച് ഫാമിലെ ജീവനക്കാരനായ സി ബാബുവിന് മർദനമേൽക്കുന്നത്. ഫാമിനകത്ത് കയറി ദൃശ്യങ്ങൾ എടുത്ത സംഘം സഞ്ചരിച്ച വാഹനത്തിന്‍റെ ഫോട്ടോ പകർത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് ബാബു പറഞ്ഞു.
അക്രമത്തിൽ നടപടി എടുക്കാൻ ആവശ്യപ്പെട്ട് സബ് കളക്ടർ നൽകിയ കത്തിൽ പട്ടിക വർഗ്ഗ സംരക്ഷണ നിയമപ്രകാരം അന്വേഷിച്ച് കേസെടുക്കണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് ബാബുവിന്‍റെ പരാതി.
സർക്കാർ ജീവനക്കാരനെ അക്രമിച്ച സംഭവമുണ്ടായിട്ടും അക്രമികളുടെ രാഷ്ട്രീയ സ്വാധീനമാണ് നടപടിയെടുക്കുന്നത് വൈകിപ്പിച്ചതെന്നാണ് സൂചന. പരാതി പറഞ്ഞാൽ കൊല്ലുമെന്നുൾപ്പെടെ പ്രതികൾ ഭീഷണിപ്പെടുത്തിയതായി ബാബു പറഞ്ഞു. ആദിവാസിയായത് കൊണ്ടാണോ സർക്കാർ ജീവനക്കാരനായിട്ടും മറ്റുള്ളവർക്ക് കിട്ടുന്ന നീതി തനിക്ക് കിട്ടാത്തത് എന്നും ബാബു ചോദിക്കുന്നു.
പൊലീസ് നടപടി സ്വീകരിക്കാതിരുന്നതോടെ ഇരിട്ടി അസിസ്റ്റന്‍റ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു ബാബു. കഴിഞ്ഞ 10 വർഷമായി ഫാം വികസന കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരനാണ് ബാബു. പുറത്തുനിന്ന് ആളുകൾ എത്തി ആദിവാസികളെ ഉപദ്രവിക്കുന്നത് പതിവാണെന്നും ബാബു പറയുന്നു.