അവയവ കച്ചവടം: ന്യൂസ് മലയാളം വാർത്ത നിയമസഭയില്‍; ചോദ്യവുമായി പ്രതിപക്ഷം, പരാതി ലഭിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി

കെ സോട്ടോയ്ക്ക് ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
അവയവ കച്ചവടം: ന്യൂസ് മലയാളം വാർത്ത നിയമസഭയില്‍; ചോദ്യവുമായി പ്രതിപക്ഷം, പരാതി ലഭിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി
Published on

കേരളത്തില്‍ അവയവ കച്ചവടത്തെക്കുറിച്ച് ന്യൂസ് മലയാളം പുറത്ത് വിട്ട വാർത്തയെ അടിസ്ഥാനമാക്കി നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അവയവ മാഫിയ പ്രവർത്തിക്കുന്നതായി രമേശ് ചെന്നിത്തല ചോദ്യോത്തര വേളയില്‍ ആരോപിച്ചു.

അവയവ കച്ചവടത്തെ കുറിച്ച് കെ സോട്ടോയ്ക്ക് ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകിയത്. അവയവദാന കണക്കുകളിലെ അവ്യക്തത സംബന്ധിച്ചു വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കെ സോട്ടോ ഓഡിറ്റ് നടത്തിയെങ്കിലും ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

അവയവ കച്ചവടത്തിലെ ക്രമക്കേടുകളെപ്പറ്റി മുഖ്യമന്ത്രിക്കു നേരെയും സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. "എറണാകുളത്തെ രണ്ട് ആശുപത്രികള്‍ക്ക് അന്താരാഷ്ട്ര അവയവ കടത്തുമായി ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും, തിരുവനന്തപുരത്ത് അനധികൃത അവയമാറ്റ ശസ്ത്രക്രിയ നടന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. രണ്ട് പരാതിയിലും അന്വേഷണം നടത്തി വരികയാണ്. എറണാകുളത്തെ കേസില്‍ സാബിത് നാസർ, സജിത് ശ്യാം, ബെല്ലംകൊണ്ട രാമപ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ റാക്കറ്റിന്‍റെ സൂത്രധാരന്‍ മധു ജയകുമാർ എന്ന ആളുടെ പേരില്‍ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ഇന്‍റർപോള്‍ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 13 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നു", മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത അവയവ ദാനത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.

മസ്തിഷ്ക മരണം നിർണയിക്കുന്നതിന് മാനദണ്ഡങ്ങൾ ഉണ്ടെന്ന ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് കെ.കെ രമ സഭയില്‍ ആരോപണം ഉന്നയിച്ചു. വിഷയത്തില്‍ കെ സോട്ടോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com