
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായെന്ന വാർത്ത വ്യാജമെന്ന് കോളേജ് അധികാരികൾ. ഓട്ടോണോമസ് പദവി ഇപ്പോഴും തുടരുന്നുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.
2020 മാർച്ചിന് ശേഷം മഹാരാജാസ് കോളേജ് നടത്തിയ പരീക്ഷകൾ അസാധുവാണെന്നും, ഓട്ടോണമസ് പദവി നീട്ടി നൽകുന്നതിനായി കോളേജ് അപേക്ഷ നൽകിയിട്ടില്ലെന്നും വിവരാവകാശരേഖയും വാർത്തയും പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി കോളേജ് അധികൃതർ രംഗത്തെത്തിയത്. ആരോപണം അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. 2019 ഡിസംബറിൽ പദവി നീട്ടുന്നതിനായി യൂണിവേഴ്സിറ്റിക്ക് കത്ത് അയച്ചിരുന്നു. പോർട്ടൽ നിലവിൽ വന്നത് 2023ലാണ്, അതിനാലാണ് യുജിസി ഇത്തരത്തിൽ ഒരു മറുപടി നൽകിയത്. കോളേജിൽ നിന്ന് കൃത്യമായി നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷ നൽകിയതെന്നും പ്രിൻസിപ്പൽ ഷജില ബീവി പറഞ്ഞു.
സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നയിക്കുന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. യുജിസി ആവശ്യപ്പെട്ടാൽ മാത്രം പോർട്ടൽ വഴി അപേക്ഷ നൽകുമെന്നും കോളേജ് അധികൃതർ അറിയിച്ചു. കോളേജിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വിവരാവകാശ രേഖയെന്നും പ്രിൻസിപ്പൽ ആരോപണം ഉന്നയിച്ചു.