നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'വിവാദ കല്ലറ' തുറന്ന് പൊലീസ്; മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ

ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും മകൻ രാജസേനൻ കല്ലറയിൽ പൂജ നടത്തി. ഇതിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടു
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'വിവാദ കല്ലറ' തുറന്ന് പൊലീസ്; മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ
Published on


നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ രാവിലെ 7.20 ഓടെ പൊളിച്ച് പരിശോധിച്ച് പൊലീസ് സംഘം. മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. ഗോപൻ സ്വാമി സമാധിയിരിക്കുന്നു എന്ന് കുടുംബം പറയുന്ന കല്ലറയിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കും. ഷീറ്റ് കൊണ്ട് പ്രദേശം മറച്ചാണ് പൊലീസ് സംഘം കല്ലറ തുറന്ന് പരിശോധിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ഉടൻ നടത്തുമെന്നാണ് റിപ്പോർട്ട്.

ഗോപൻ സ്വാമിയുടെ മരണം സംഭവിച്ചത് എപ്പോൾ? കല്ലറയിലേക്ക് എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നോ? തുടങ്ങിയ ദുരൂഹതകൾക്കാണ് ഇനി മറുപടി ലഭിക്കേണ്ടത്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചിൻ്റെ ഉയരത്തിൽ ഭസ്മവും പൂജാ ദ്രവ്യങ്ങളും നിറച്ചിട്ടുണ്ട്.

സബ് കളക്ടർ ഒ.വി. ആൽഫ്രഡ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. എന്നാൽ അന്തരീക്ഷം സമാധാനപരമാണ്. പൊലീസ് നടപടിക്ക് ജില്ലാ ഭരണകൂടത്തിൻ്റേയും ഹൈക്കോടതിയുടെയും അനുമതിയുണ്ട്.

അതേസമയം, ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും മകൻ രാജസേനൻ കല്ലറയിൽ പൂജ നടത്തി. ഇതിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടു. രാജസേനൻ കല്ലറയ്ക്ക് അരികിലെത്തി വിളക്ക് കൊളുത്തുന്നതും പൂജകൾ ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

'സമാധി' വിവാദത്തിന് പിന്നാലെ സമാധിസ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൊളിക്കലുമായി മുന്നോട്ടു പോകാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് കോടതിയും നിരീക്ഷിച്ചത്. ഹർജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടർ, ആർഡിഒ, പൊലീസ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com