നെയ്യാറ്റിന്‍കര ഗോപന്‍റെ പോസ്റ്റ്‍മോർട്ടം നടപടികള്‍ ആരംഭിച്ചു; ഡിഎൻഎ പരിശോധനയടക്കം നടത്തും

ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകര ​ഗോപന്റെ കല്ലറ പൊലീസ് സംഘം തുറന്ന് പരിശോധിച്ചത്
നെയ്യാറ്റിന്‍കര ഗോപന്‍റെ പോസ്റ്റ്‍മോർട്ടം നടപടികള്‍ ആരംഭിച്ചു; ഡിഎൻഎ പരിശോധനയടക്കം നടത്തും
Published on

നെയ്യാറ്റിൻകര സമാധി വിവാദത്തിൽ കല്ലറയിൽ നിന്ന് ലഭിച്ച മൃതദേഹം ​ഗോപന്റേതെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന അടക്കം നടത്താൻ സാധ്യത. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ എട്ടംഗ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ ആരംഭിച്ചു. മൂന്നു തലത്തിലുള്ള പരിശോധനയാണ് പോസ്റ്റ്‌മോർട്ടത്തിൽ നടത്തുകയെന്ന് ഡോക്ടർമാർ അറിയിച്ചു.

വിഷം ഉള്ളിൽ ചെന്നിട്ടാണോ, പരിക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പോസ്റ്റമോർട്ടത്തിൽ പരിശോധിക്കും. വിഷാംശം ഉണ്ടോയെന്ന് അറിയാൻ ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും എടുക്കും. പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. സ്വാഭാവിക മരണമാണോ എന്നാണ് മൂന്നാമത്തെ പരിശോധന. രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും.

Also Read: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'വിവാദ കല്ലറ' തുറന്ന് പൊലീസ്; മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ


ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകര ​ഗോപന്റെ കല്ലറ പൊലീസ് സംഘം തുറന്ന് പരിശോധിച്ചത്. സബ് കളക്ടർ ഒ.വി. ആൽഫ്രഡിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. ഗോപൻ സമാധിയിരിക്കുന്നു എന്ന് കുടുംബം പറയുന്ന കല്ലറയിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചിൻ്റെ ഉയരത്തിൽ ഭസ്മവും പൂജാ ദ്രവ്യങ്ങളും നിറച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

'സമാധി' വിവാദത്തിന് പിന്നാലെ സമാധിസ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൊളിക്കലുമായി മുന്നോട്ടു പോകാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഹർജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com