
കൊച്ചിയിൽ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്. മുരളി കണ്ണമ്പള്ളിയുടെ തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. എട്ട് പേർ അടങ്ങുന്ന എൻഐഎ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. തെലങ്കാനയിലെ മാവോവാദി നേതാവിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. ഹൈദരാബാദിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. ഇവർ വാറണ്ടുമായാണ് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അന്വേഷണ ഉദ്യോഗസ്ഥർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകൻ എത്തിയിട്ട് തുറക്കാമെന്ന നിലപാടിലായിരുന്നു മുരളി. തുടർന്ന് ഉദ്യോഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. എട്ടു പേര്‍ അടങ്ങുന്ന എന്‍ഐഎ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. പരിശോധന തുടരുകയാണെന്നാണ് വിവരം. ഹൃദ്രോഗിയായ മുരളി മകനോടൊപ്പമാണ് താമസിക്കുന്നത്.
റെയ്ഡിന് ശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേന രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ആളാണ് മുരളി കണ്ണമ്പള്ളി. 2019ലാണ് മുരളി ജയിൽ മോചിതനാകുന്നത്. ബോംബെ ഹൈക്കോടതിയാണ് ജാമ്യം നൽകിയത്.